തീയിൽ കുരുത്തത് വെയിലത്തു വാടില്ല, അൽ ഹിലാലിനെ പഞ്ഞിക്കിട്ട് കിരീടം ചൂടി ക്രിസ്റ്റ്യാനോയും ടീമും

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ തന്റെ വിശ്വരൂപം പുറത്തെടുത്ത രാത്രിയിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് അൽ നസ്ർ ആദ്യമായി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ കിരീടം നേടി. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിന് ഒടുവിൽ ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ സംഘം ട്രോഫി നേടുന്നത്.

സെമിഫൈനലിൽ അൽ ഷോർടയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിലേക്ക് മുന്നേറിയ അൽ നസ്റിന് പിന്നാലെ അൽ ശബാബിനെ പരാജയപ്പെടുത്തിക്കൊണ്ട് അൽ ഹിലാൽ ഫൈനലിൽ എത്തിയിരുന്നു. സൗദി അറേബ്യയിലെ ചിരവൈരികളായ രണ്ട് ടീമുകൾ ഫൈനലിൽ എത്തിയതിനാൽ ഒട്ടും വാശി കുറയാതെയാണ് മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളും നടന്നത്.

സൗദി അറേബ്യയിലെത്തിയതിനു ശേഷം ടീമിനോടൊപ്പമുള്ള ആദ്യ ട്രോഫി ലക്ഷ്യമിടുന്ന ക്രിസ്ത്യാനോ റൊണാൾഡോക്ക് മുന്നിൽ മികച്ച അവസരമാണ് ഈ ഫൈനൽ തുറന്നു കൊടുത്തത്. ആവേശകരമായ മത്സരം തുടങ്ങി ആദ്യപകുതി പിന്നിട്ടപ്പോൾ ഇരു ടീമുകൾ ഒന്നും ഗോൾ നേടിയില്ല. എന്നാൽ രണ്ടാം പകുതിയിലേക്ക് എത്തിയപ്പോൾ കാര്യങ്ങൾ മാറി.

51 മിനിറ്റിൽ മൈക്കലിന്റെ ഗോളിലൂടെ ലീഡ് എടുത്ത അൽ ഹിലാലിനെതിരെ തോൽക്കാൻ മനസ്സില്ലാത്ത ക്രിസ്ത്യാനോ റൊണാൾഡോ തിരിച്ചടിച്ചു. 74 മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോയിലൂടെ സമനില നേടിയ അൽ നസ്ർ നിശ്ചിത സമയത്ത് ഒരു ഗോളിന്റെ സമനിലയാണ് അൽ ഹിലാലിനോടൊപ്പം പങ്കിട്ടത്. നിശ്ചിത സമയവും കടന്നു എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ രണ്ടാമത്തെ ഗോളും പിറക്കുന്നത്.

ഇതിനിടെ രണ്ടാം പകുതിയിൽ അൽ നസ്റിന്റെ രണ്ടു താരങ്ങൾക്ക് റഫറി റെഡ് കാർഡ് നൽകി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 98 മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോ തകർപ്പൻ ഹെഡ്ഡർ ഗോളുമായി വന്നതോടെ അൽ നസ്ർ ചരിത്രത്തിൽ ആദ്യമായി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ കിരീടം നേടി. ടൂർണമെന്റിലെ മികച്ച ടോപ്സ്കോറർ ആയി ക്രിസ്ത്യാനോ റൊണാൾഡോയും തിരഞ്ഞെടുക്കപ്പെട്ടു.

5/5 - (3 votes)
Cristiano Ronaldo