1966 ന് ശേഷം പ്രധാന ടൂർണമെന്റിൽ നോക്കൗട്ട് മത്സരത്തിൽ ജർമ്മനിയെ തോൽപ്പിച്ച് ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വിജയത്തിൽ മുഖ്യ പങ്കു വഹിക്കുകയും പ്രശംസ പിടിച്ചു പറ്റിയ താരം കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് റഹീം സ്റ്റെർലിംഗ്. നാല് കളികളിൽ നിന്നും മൂന്നു ഗോളുകൾ നേടി തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പ്രകടനത്തിലൂടെ മറുപടി പറയാനും താരത്തിനായി. സ്റ്റെർലിംഗിനെ ഇംഗ്ലീഷ് ടീമിന്റെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയതിന് പരിശീലകൻ സൗത്ത് ഗേറ്റിനും പലപ്പോഴും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. പരിശീലകൻ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച സ്റ്റെർലിങ് ഗോളുകളിലൂടെ അതിനു നന്ദി പറയുകയും ചെയ്തു. ജര്മനിക്കെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ ഗോൾ നേടിയ സ്റ്റെർലിങ് മത്സരത്തിലുടനീളം ജർമൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന നായകൻ ഹാരി കെയ്നിന്റെ ഫോം ഇംഗ്ളണ്ടിനെ വലച്ചെങ്കിലും ആദ്യ മൂന്നു മത്സരമകളിൽ സ്റ്റെർലിങ് അത് നികത്തി.ഗ്രൂപ് ഘട്ട മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത് സ്റ്റെർലിംഗായിരുന്നു.
അഞ്ചു വർഷം മുൻപ് 2016 ലെ യൂറോ കപ്പിൽ ഇംഗ്ലീഷ് ടീമിൽ ഏറ്റവും കൂടുതൽ വിമർശനം എട്ടു വാങ്ങിയ താരത്തിൽ നിന്നും യൂറോ 2020ലേക്ക് എത്തുമ്പോള്‍ സൗത്ത്ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് ആക്രമ ണങ്ങളുടെ ഹൃദയതുടിപ്പായി റഹീം സ്റ്റെര്‍ലിങ് മാറുന്ന നിമിഷങ്ങള്‍ ആണ് കാണാൻ സാധിക്കുന്നത്.2016ല്‍ ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വിങ്ങര്‍ പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തിനുള്ള സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ഇംഗ്ലണ്ടിന് വേണ്ടി കഴിഞ്ഞ 20 അന്താരാഷ്ട്ര മത്സരങ്ങളിൽ 15 ഗോളുകൾ ആണ് സ്റ്റെർലിങ് നേടിയത്. ഇംഗ്ലണ്ടിന്റെ പ്രധാന താരം ഹാരി കെയ്ന്‍ എന്ന് പറയുമ്പോഴും കണക്കുകള്‍ ചൂണ്ടുന്നത് സ്റ്റെര്‍ലിങ്ങിന്റെ നേര്‍ക്കാണ്. അന്താരാഷ്ട്ര കരിയറിൽ ഗോളുകൾ കണ്ടെത്താൻ വിഷമിച്ച സ്റ്റെർലിങ് ആദ്യ 45 കളികളിൽ രണ്ടു ഗോളുകൾ മാത്രമാണ് നേടിയത്.2018 ലോകകപ്പ് ഉൾപ്പെടുന്ന കാലഘട്ടത്തിൽ 27 കളികളിൽ ഗോൾ നേടാൻ സ്റ്റെർലിങ്ങിനായില്ല. എന്നാൽ 2018 ലെ റഷ്യൻ വേൾഡ് കപ്പിന് ശേഷം വലിയ മാറ്റമാണ് താരത്തിൽ കാണാൻ സാധിച്ചത്.നേഷൻസ് ലീഗിൽ സ്പെയിനിനെതിരെ 3-2 വിജയം നേടിയ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതാണ് സ്റ്റെർലിങ്ങിന്റെ കരിയറിന്റെ യഥാർത്ഥ ലിഫ്റ്റ് ഓഫ് നിമിഷം.
Raheem Sterling’s game by numbers vs. #GER
— Squawka Football (@Squawka) June 29, 2021
100% shot accuracy
6 ball recoveries
6 duels won
4 touches in the opp box
3 take-ons completed
2 tackles made
2 crosses
2 shots
1 goal
Raheem the Dream. 🤩 pic.twitter.com/xOe98lWIYo
കഴിഞ്ഞ മൂന്ന് സീസണുകളില്‍ സ്റ്റെര്‍ലിങ്ങിന്റെ പേരിലാണ് കൂടുതല്‍ ഗോള്‍ ഇന്‍വോള്‍മെന്റുകള്‍, 110. ഗോളുകളും അസിസ്റ്റും ഉള്‍പ്പെട്ടതാണ് ഈ കണക്ക്. ഇവിടെ മറ്റ് ഇംഗ്ലീഷ് താരങ്ങളേക്കാള്‍ മുന്‍പിലാണ് സ്റ്റെര്‍ലിങ്. 109 ഗോള്‍ ഇന്‍വോള്‍മെന്റുമായി ജേഡന്‍ സാഞ്ചോയാണ് രണ്ടാമത്. ഹാരി കെയ്ന്‍ മൂന്നാമതും,106. 94 ഗോള്‍ ഇന്‍വോള്‍മെന്റുമായി റാഷ്ഫോര്‍ഡ് നാലാമതും. വമ്പന്‍ മത്സരങ്ങളില്‍ സ്റ്റെര്‍ലിങ്ങിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സൗത്ത്ഗേറ്റിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന് ഈ കണക്കാണ്.2018 ലോകകപ്പിലെ പ്രകടനവും മാഞ്ചസ്റ്റര്‍ സിറ്റിക്കായുള്ള മോശം ഫോമിനു പിന്നാലെ ഇംഗ്ലണ്ട് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുള്ളപ്പോഴാണ് സ്റ്റെര്‍ലിങ് മികവ് കാണിക്കുന്നത്.
സ്റ്റെര്‍ലിങ്ങിന് അഞ്ച് വയസുള്ളപ്പോള്‍ ഇംഗ്ലണ്ടിലേക്ക് ജമൈക്കയില്‍ നിന്ന് കുടിയേറിയതാണ് സ്റ്റെര്‍ലിങ്ങിന്റെ കുടുംബം. സ്റ്റെര്‍ലിങ്ങിനെ ജമൈക്കന്‍ ഫുട്ബോളിലേക്ക് എത്തിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ക്വാർട്ടറിൽ യുക്രൈനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് സ്റ്റെർലിങ്ങിന്റെ മികച്ച ഫോം ഗുണകരമാവും. ഇംഗ്ലണ്ടിനെ അവരുടെ ആദ്യ യൂറോ കിരീടത്തിലേക്ക് നയിക്കുക എന്ന വലിയ ലക്ഷ്യമാണ് സ്റ്റെർലിങ്ങിന്റെ മുന്നിലുള്ളത്.