“ഇതവനു നേടാനുള്ള അവസരം”- ഖത്തർ ലോകകപ്പ് മെസിയുടെ അർജന്റീന തന്നെ ഉയർത്തുമെന്ന് പ്രവചനം
ഫുട്ബോൾ ലോകം മുഴുവൻ ഖത്തർ ലോകകപ്പിലേക്ക് കണ്ണു തുറന്ന് ഇരിക്കുകയാണ്. ടൂർണമെന്റ് തുടങ്ങാൻ രണ്ടു മാസത്തിലധികം ബാക്കിയുണ്ടെങ്കിലും ഇപ്പോൾ തന്നെ അതു സംബന്ധിച്ച ചർച്ചകൾ സജീവമായിക്കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് ആരു നേടുമെന്ന കാര്യത്തിൽ ആരാധകർ തമ്മിലുള്ള വാദപ്രതിവാദങ്ങളും കേൾക്കുന്നു. ബ്രസീൽ, അർജന്റീന, സ്പെയിൻ, ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ പ്രധാന ടീമുകളെല്ലാം ഇത്തവണ കിരീടസാധ്യത കൽപ്പിക്കപ്പെട്ടു മുൻനിരയിൽ തന്നെയുണ്ട്.
അതേസമയം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിന്റെ പരിശീലകനും മുൻ അർജന്റീന താരവുമായ റാമോൺ ഡയസ് ഉറച്ചു വിശ്വസിക്കുന്നത് ഈ ലോകകപ്പ് മെസിക്കും അർജന്റീനക്കുമുള്ളതാണെന്നാണ്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം നേടുകയും അതിനു ശേഷം ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസമാ ട്രോഫി സ്വന്തമാക്കുകയും ചെയ്‌ത അർജന്റീനക്കൊപ്പം ലോകകപ്പ് നേടാൻ മെസിക്കുള്ള അവസരമാണ് ഇത്തവണത്തെ ടൂര്ണമെന്റെന്നാണ് അദ്ദേഹം പറയുന്നത്.
“ഈ പ്രാവശ്യം അവനു നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അർജന്റീന മികച്ച ടീമാണ്, മെസി എല്ലായിപ്പോഴും അവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.” ലോകകപ്പ് ആതിഥേയരാജ്യമായ ഖത്തറിൽ വെച്ചു നടന്ന ലുസൈൽ സൂപ്പർകപ്പിൽ തന്റെ ടീമായ അൽ ഹിലാൽ ഈജിപ്ഷ്യൻ ടീമായ സമലിക്കിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു കിരീടം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ അദ്ദേഹം പറഞ്ഞു.
🗣️ "As Argentinians, we are very optimistic that we can go all the way to the final and win the World Cup."
— FIFA World Cup (@FIFAWorldCup) August 19, 2022
🇦🇷 Ramon Diaz believes it might finally be time to see @Argentina lift the #FIFAWorldCup trophy once again
2022 ലോകകപ്പിൽ പങ്കെടുത്താൽ അത് ലയണൽ മെസി തുടർച്ചയായി കളിക്കുന്ന അഞ്ചാമത്തെ ലോകകപ്പായിരിക്കും. ഇതുവരെ 19 ലോകകപ്പ് മത്സരങ്ങൾ കളിച്ച താരം അതിൽ നിന്നും ആറു ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2014 ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും കിരീടം നേടാൻ മെസിക്ക് കഴിഞ്ഞില്ലായിരുന്നു. ആ ലോകകപ്പിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലയണൽ മെസിയായിരുന്നു.
മുൻ വർഷങ്ങളിൽ ലയണൽ മെസിയെ കേന്ദ്രീകരിച്ചു നിന്നിരുന്ന ഒരു ടീമായിരുന്നു അർജന്റീനയെങ്കിൽ ഇപ്പോൾ ഒരു കൂട്ടം താരങ്ങൾ ഒരുമിച്ചു നിന്നു പൊരുതുന്ന സംഘമായി അവർ മാറിയിട്ടുണ്ട്. ലയണൽ സ്‌കലോണിയെന്ന പരിശീലകനു കീഴിൽ അടിമുടി മാറിയ അവർ രണ്ടു വർഷത്തിലധികമായി തോൽവി അറിഞ്ഞിട്ടില്ല. ഈ ഫോം തന്നെയാണ് അർജന്റീന ആരാധകർക്ക് ലോകകപ്പ് പ്രതീക്ഷ നൽകുന്നതും.