ടുളൂസിനെതിരെ നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ സ്പാനിഷ് പ്രതിരോധതാരം സെർജിയോ റാമോസ് ടീമിന്റെ നായകനാവാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ടീമിലെ രണ്ടു പ്രധാന താരങ്ങൾ മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് റാമോസിന് ടീമിനെ നയിക്കാനുള്ള ചുമതല വരാൻ സാധ്യതയുള്ളതെന്ന് എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു. മാർക്വിന്യോസ്, പ്രെസ്നൽ കിംപെംബെ എന്നിവരാണ് അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പില്ലാത്തത്.
ഈ സീസൺ മികച്ച രീതിയിൽ ആരംഭിച്ച പിഎസ്ജി ലീഗിലെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയം നേടിയിട്ടുണ്ട്. മൊണാക്കോക്കെതിരെ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിൽ സമനില വഴങ്ങിയ ടീം അതിന്റെ ക്ഷീണം മാറ്റാനാണ് അടുത്ത മത്സരത്തിൽ ഇറങ്ങുന്നതെങ്കിലും പരിക്കിന്റെ പ്രശ്നങ്ങൾ അവരെ അലട്ടുന്നു. പ്രതിരോധതാരം പ്രെസ്നാൽ കിംപെംബെ, മുന്നേറ്റനിര താരം പാബ്ലോ സാറാബിയ എന്നിവർക്ക് മത്സരം നഷ്ടമാകും എന്നുറപ്പായിട്ടുണ്ട്. ഇതിനു പുറമെ ബ്രസീലിയൻ പ്രതിരോധതാരം മാർക്വിന്യോസിനും മത്സരം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പിഎസ്ജിയിൽ ടീമിനെ നയിക്കാൻ കഴിവുള്ള താരങ്ങൾക്ക് യാതൊരു കുറവുമില്ല. ലയണൽ മെസി, നെയ്മർ, റാമോസ് എന്നിവരെല്ലാം വിവിധ ടീമുകളുടെ നായകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ സ്പാനിഷ് താരത്തിനു തന്നെയാണ് ടീമിനെ നയിക്കാൻ സാധ്യതയെന്ന് എൽ എക്വിപ്പെ ജേർണലിസ്റ്റായ ഹാഡ്രിയെൻ ഗ്രീനിയെർ ട്വിറ്ററിലൂടെ അറിയിക്കുന്നു. അതേസമയം ഈ സീസണിൽ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും ഇറങ്ങിയ മാർക്വിന്യോസ്, കിംപെംബെ എന്നിവർക്ക് പകരം പിഎസ്ജി പ്രതിരോധത്തിൽ റാമോസിനൊപ്പം ആരാണ് ഇറങ്ങുകയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
Your tweet was quoted in an article by Sportskeeda https://t.co/tUYSRwV3a4
— Recite Social (@ReciteSocial) August 31, 2022
പിഎസ്ജി പരിശീലകനായ ഗാൾട്ടിയറെ സംബന്ധിച്ച് അബ്ദു ദിയല്ലോ, പുതിയതായി ടീമിലേക്കെത്തിയ നോർഡി മുക്കലേല എന്നിവരാണ് റാമോസിനൊപ്പം പ്രതിരോധ നിരയിൽ ഇറക്കാനുള്ള താരങ്ങൾ. പ്രതിരോധനിരയിലെ ഏതെങ്കിലും താരത്തിന് പരിക്കു പറ്റിയാൽ അതിനൊത്ത പകരക്കാരൻ പിഎസ്ജിയിൽ ഇല്ലെന്നു കൂടിയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. മൊണാക്കോക്കെതിരെ നടന്ന മത്സരത്തിൽ ഇറങ്ങിയ ടീമിൽ നിന്നും മറ്റെന്തെകിലും മാറ്റം പരിശീലകൻ വരുത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നു രാത്രി 12.30നാണ് പിഎസ്ജിയും ടുളൂസും തമ്മിലുള്ള മത്സരം നടക്കാൻ പോകുന്നത്.