കഴിഞ്ഞ സീസണിലും ഈ സീസണിലും റയൽ മാഡ്രിഡിന്റെ കുന്തമുനയാരെന്ന ചോദ്യത്തിന് സെർജിയോ റാമോസ് എന്ന് ഒരേയൊരു ഉത്തരമേയൊള്ളൂ. പ്രതിരോധനിര താരമാണെങ്കിലും കളത്തിലുടനീളം നിറഞ്ഞു കളിക്കുന്ന റാമോസിന്റെ സാന്നിധ്യം റയൽ മാഡ്രിഡ് താരങ്ങൾക്ക് ഒരു പ്രത്യേക ഊർജ്ജമാണ്. അത് തന്നെയാണ് രണ്ട് മത്സരങ്ങളിൽ തോറ്റതിന് ശേഷം എൽ ക്ലാസിക്കോയിൽ കാണാനായതും. റാമോസ് തിരിച്ചെത്തിയപ്പോൾ ബാഴ്സയെ മലർത്തിയടിക്കാൻ റയലിനായി.
എന്നാൽ റാമോസിന്റെ കാര്യത്തിൽ റയൽ മാഡ്രിഡ് നിലവിൽ പ്രതിസന്ധിയാണ്. താരത്തിനെ നഷ്ടമാവുമോ എന്ന ഭയം ചെറിയ തോതിൽ റയലിനെ ഇപ്പോൾ അലട്ടുന്നുണ്. കാരണം മറ്റൊന്നുമല്ല. താരത്തിന്റെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതുവരെ എവിടെയുമെത്തിയിട്ടില്ല. റയൽ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും ഒന്നും തീരുമാനമായിട്ടില്ല. ഈ സീസണിന്റെ അവസാനത്തോട് കൂടി സൂപ്പർ താരത്തിന്റെ കരാർ അവസാനിക്കും. അതിന് മുമ്പ് കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.
ക്ലബ്ബിനും താരത്തിനുമിടയിൽ ഒരു ചെറിയ തർക്കം നിലനിൽക്കുന്നുണ്ട് എന്നാണ് ഡയാറിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു വർഷത്തേക്ക് കരാർ പുതുക്കണം എന്നാണ് റാമോസിന്റെ ആവിശ്യം. എന്നാൽ ഇതിന് റയൽ തയ്യാറല്ല എന്നാണ് അറിയാൻ കഴിയുന്നത്. താരത്തിന്റെ പ്രായം പരിഗണിച്ചു കൊണ്ട് ഒരു വർഷത്തേക്ക് കരാർ പുതുക്കാനാണ് റയൽ മാഡ്രിഡ് ആലോചിക്കുന്നത്. ഇതാണ് കരാർ പുതുക്കാൻ വൈകുന്നത് എന്നാണ് സ്പാനിഷ് മാധ്യമം പറയുന്നത്. ഏതായാലും 2021-ൽ താരം കരാർ പുതുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2005-ലായിരുന്നു താരം സെവിയ്യയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയത്. തുടർന്ന് 656 മത്സരങ്ങൾ റയലിന് വേണ്ടി കളിച്ചിട്ടുണ്ട്. കരിയറിൽ ആകെ നൂറ് ഗോളുകൾ താരം നേടിയിട്ടുണ്ട്. റയലിനോടൊപ്പമുള്ള പതിനഞ്ച് സീസണുകളിൽ നിന്നായി അഞ്ച് ലാലിഗയും നാലു ചാമ്പ്യൻസ് ലീഗും താരം നേടിയിട്ടുണ്ട്.