ഏറെ നാളത്തെ ഇടവേളക്കു ശേഷം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു തയ്യാറെടുക്കുന്ന അർജൻറീന ടീമിനു തിരിച്ചടിയായി രണ്ടു താരങ്ങൾ പരിക്കേറ്റു പുറത്ത്. അർജന്റീന മധ്യനിരയിലെ പ്രധാന താരമായ ടോട്ടനം ഹോസ്പറിന്റെ ജിയോവാനി ലൊ സെൽസോ. യുഡിനസ് ഗോൾകീപ്പറായ യുവാൻ മുസോ എന്നിവരാണ് പരിക്കു മൂലം ടീമിൽ നിന്നു പുറത്തായതെന്ന് ടി വൈസി സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു.
മസിലിനു പരിക്കേറ്റ ലൊ സെൽസോക്ക് രണ്ടു മത്സരങ്ങളും നഷ്ടമാകും. അതേ സമയം കഴിഞ്ഞ സീസണിൽ യുഡിനസിനു വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവാൻ മുസോക്ക് ഇറ്റാലിയൻ ക്ലബിനൊപ്പമുള്ള അവസാന പരിശീലന സെഷനിലാണ് പരിക്കു പറ്റിയത്.
ലൊ സെൽസോക്കു പകരക്കാരനായി ജർമൻ ലീഗിൽ ബയേർ ലെവർകൂസനു വേണ്ടി കളിക്കുന്ന എസക്വിയൽ പലാസിയോസിന് അവസരം ലഭിച്ചേക്കും. അതേ സമയം മുസോക്കു പകരക്കാരനായി ഈ സീസണിൽ ലാലിഗയിലെത്തിയ കാഡിസ് ഗോളിയായ ജെറമിയാസ് കോനൻ ലെഡെസ്മോയും ഇടം പിടിച്ചേക്കും.
ഒക്ടോബർ 9ന് ഇക്വഡോറിനെതിരെയും ഒക്ടോബർ 14ന് ബൊളീവിയക്കെതിരെയുമാണ് അർജൻറീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്.