2022ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് ടീമിലെത്തിക്കാൻ പദ്ധതിയിടുന്ന താരമാണു ഹാലൻഡെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത് അടുത്ത സീസണിൽ തന്നെ സംഭവിക്കുമോയെന്നാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്നലെ റൊമാനിയക്കെതിരെ നടന്ന മത്സരത്തിൽ താരത്തിന്റെ ഹാട്രിക്ക് ഗോൾ പ്രകടനമാണ് ഇതിനു കാരണമായത്.
ക്ലബിനു വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുന്ന താരം ആദ്യമായാണ് രാജ്യത്തിനു വേണ്ടി ഹാട്രിക്ക് നേട്ടം കുറിക്കുന്നത്. ഹാലൻഡ് നേടിയ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് റയൽ മാഡ്രിഡ് മധ്യനിര താരമായ മാർട്ടിൻ ഒഡേഗാർഡ് ആണെന്നതാണ് ഹാട്രിക്കിന്റെ പ്രത്യേകത. രാജ്യത്തിനു വേണ്ടിയുള്ള ഇരുവരുടെയും കൂട്ടുകെട്ട് ക്ലബ് തലത്തിലേക്കും വരുമോയെന്നാണ് ആരാധകർ ഇപ്പോൾ സ്വപ്നം കാണുന്നത്.
മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ഒഡെഗാർഡുമൊന്നിച്ചുള്ള ചിത്രവും ഹാലൻഡ് പങ്കുവെച്ചിരുന്നു. ഹാട്രിക്ക് നേടിയ പന്തു കയ്യിൽ വെച്ച് ഒഡേഗാർഡിന്റെ നേർക്കു വിരൽ ചൂണ്ടി ഡ്രസിംഗ് റൂമിൽ ഇരിക്കുന്ന ചിത്രമാണ് ഹാലൻഡ് പങ്കുവെച്ചത്.
കഴിഞ്ഞ സീസണിൽ റയൽ സോസിഡാഡിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഒഡെഗാർഡ് ലോൺ കാലാവധി കഴിഞ്ഞതോടെയാണ് റയലിൽ തിരിച്ചെത്തിയത്. അതേ സമയം കഴിഞ്ഞ സീസണിൽ നിർത്തിയിടത്തു നിന്നും വീണ്ടും ആരംഭിച്ച ഹാലൻഡ് മൂന്നു മത്സരങ്ങളിൽ നിന്നും നാലു ഗോളും ഒരു അസിസ്റ്റും ഡോർട്മുണ്ടിനു വേണ്ടി സ്വന്തമാക്കി.