റയൽ മാഡ്രിഡ് സൂപ്പർതാരം സെർജിയോ റെഗ്വിലോണെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. പകരം പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബായ ടോട്ടനം ഹോട്സ്‌പറുമായി റയൽ മാഡ്രിഡ് കരാറിലെത്തിയേക്കും. റയൽ മാഡ്രിഡിന്റെ താരത്തെ തിരിച്ചു വാങ്ങാനുള്ള നിബന്ധനയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ കരാറിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സ്പെയിനിനു വേണ്ടി ഒരു തവണ മാത്രം കളിച്ച റെഗ്വിലോൺ കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോണിലായിരുന്നു കളിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഈ സീസണിൽ ചാമ്പ്യൻസ്‌ലീഗ് മത്സരവും കളിക്കാൻ കഴിയുമായിരുന്നെങ്കിലും താരത്തിന്റെ ബയ്ബാക്ക് ക്ലോസ് യുണൈറ്റഡ് അംഗീകരിക്കാതെ വന്നതോടെ റയൽ അധികൃതർ ടോട്ടനവുമായി ചർച്ച നടത്തുകയായിരുന്നു. റയലുമായി വ്യക്തിഗത നിബന്ധനകൾ എല്ലാം ടോട്ടനം അംഗീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ഇരുപത്തിമൂന്നുകാരൻ താരവുമായി 2023 വരെയുള്ള കരാറിലാണ് ടോട്ടനം ഉറപ്പിച്ചിരിക്കുന്നത്. കൂടാതെ 45 മില്യൺ യൂറോക്ക് താരത്തെ തിരിച്ചു വാങ്ങാനുള്ള റയലിന്റെ നിബന്ധനയും ടോട്ടനം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചു വാങ്ങുമ്പോഴുള്ള താരത്തിന്റെ കരാറിന്റെ മൊത്തം തുക ഇൻസെന്റീവുകളും അധികവേതനങ്ങളും കണക്കാക്കിയിട്ടേ പുറത്തു വിടുകയുള്ളു. 27.6മില്യൺ യൂറോക്കാണ് റയൽ മാഡ്രിഡുമായി ടോട്ടനം കരാറായിട്ടുള്ളത്. യുണൈറ്റഡ് 20മില്യൺ യൂറോയാണ് താരത്തിനു വേണ്ടി മുടക്കാൻ തയ്യാറായതെന്നതും തിരിച്ചുവാങ്ങാനുള്ള നിബന്ധന അംഗീകരിക്കാത്തതുമാണ് ഡീൽ ടോട്ടനത്തിലേക്ക് വഴിമാറിയത്.
ഇതോടൊപ്പം റയൽ സൂപ്പർതാരം ഗാരെത് ബെയ്‌ലിന്റെ ടോട്ടനത്തിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ടും റയലുമായി ചർച്ചകൾ നടക്കുന്നുണ്ട്. താരത്തിനെ ലോണിൽ ലഭിക്കുമോയെന്ന സാധ്യതയെകുറിച്ചാണ് ചർച്ച നടത്തുന്നതെങ്കിലും താരത്തിന്റെ ഒരു ആഴ്ചയിൽ 6 ലക്ഷം പൗണ്ടെന്ന വേതനതുകയാണ് ടോട്ടനത്തിനു തലവേദനയാകുന്നത്. താരത്തിന്റെ ഏജന്റ് താരത്തിനു ഇപ്പോഴും സ്‌പർസിനെ വലിയ ഇഷ്ടമാണെന്നു ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വേതനം കുറയ്ക്കുന്നതിൽ താത്പര്യമില്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.