മിന്നുന്ന ജയവുമായി അവസാന പതിനാറിലേക്ക് കുതിച്ച് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും : നോക്ക് ഔട്ട് ഉറപ്പിച്ച് ഡോർട്മുണ്ടും ലൈപ്സിഗും

കഴിഞ്ഞയാഴ്ച RB ലീപ്‌സിഗിനെതിരായ സീസണിലെ ആദ്യ തോൽവിയിൽ നിന്ന് കരകയറിയ റയൽ മാഡ്രിഡ് സെൽറ്റിക്കിനെ സ്വന്തം തട്ടകത്തിൽ 5-1 ന് തോൽപ്പിച്ചു.ലൂക്കാ മോഡ്രിച്ച്, റോഡ്രിഗോ, മാർക്കോ അസെൻസിയോ, വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവെർഡെ എന്നിവരുടെ ഗോളുകളാണ് റയലിന് അനായാസ വിജയം നേടിക്കൊടുത്തത്. ആറാം മിനുട്ടിലും 21 ആം മിനുട്ടിലും യഥാക്രമം ലൂക്കാ മോഡ്രിച്ച്, റോഡ്രിഗോ എന്നിവരാണ് റയലിന് വേണ്ടി ആദ്യ രണ്ടു ഗോളുകൾ നേടി.

ഇടവേളയ്ക്ക് ശേഷം ആറ് മിനിറ്റിനുള്ളിൽ ഡാനി കാർവാജലിന്റെ ക്രോസിൽ നിന്നുള്ള മികച്ച വോളിയിലൂടെ അസെൻസിയോ റയലിന്റെ ലീഡ് ഉയർത്തി.10 മിനിറ്റിനുശേഷം വാൽവെർഡെ വലത് വശത്ത് നിന്ന് മികച്ചൊരു റൺ നടത്തി നൽകിയ പാസിൽ നിന്നും ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വിനീഷ്യസ് ഗോളാക്കി സ്കോർ 4 -0 ആക്കി മാറ്റി.71 ആം മിനുട്ടിൽ ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ റയലിന്റെ ഗോൾ പട്ടിക തികച്ചു.ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ബോക്സിന് പുറത്ത് നിന്നുള്ള വാൽവെർഡെയുടെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ൮൪ ആം മിനുട്ടിൽ ജോട്ട സെൽറ്റിക്കിന്റെ ആശ്വാസ ഗോൾ നേടി. 6 മത്സരങ്ങളിൽ നിന്നും ൧൩ പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റയൽ പ്രീ ക്വാർട്ടർ കളിക്കാൻ ഒരുങ്ങുന്നത്.

ഗ്രൂപ്പിലെ മത്സരത്തിൽ ലെപ്‌സിഗ് ഷാക്തർ ഡൊനെറ്റ്സ്ക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ജർമൻ ക്ലബ്ബിനായി ക്രിസ്റ്റഫർ എൻകുങ്കു ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ ഒരു പോയിന്റ് മാത്രം ആവശ്യമുള്ള ലെപ്‌സിഗ് വിജയത്തോടെ ഗ്രൂപ്പ് എഫിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനം നേടി.ബുണ്ടസ്ലിഗ ക്ലബ്ബുകളായ ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട്, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് എന്നിവരൊപ്പം ലൈപ്സിഗും അടുത്ത റൗണ്ടിലേക്ക് മുന്നേറി.ഷക്തർ ഡിഫൻഡർ ഹിയോർഹി സുഡാക്കോവിന്റെ പിഴവ് മുതലെടുത്ത് എൻകുങ്കു 10 ആം മിനുട്ടിൽ ലൈപ്സിഗിനെ മുന്നിലെത്തിച്ചു.തന്റെ അവസാന ഒമ്പത് മത്സരങ്ങളിൽ എട്ടാം ഗോൾ ആണ് താരം നേടിയത്.ആന്ദ്രേ സിൽവ (50′)ഡൊമിനിക് സോബോസ്‌ലൈ (62′)വലേരി ബോണ്ടാർ (68′ OG) എന്നിവരാണ് ലൈപ്സിഗിന്റെ മറ്റു ഗോളുകൾ നേടിയത്.

സെവിയ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരിചയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി.സിറ്റിയുടെ കൗമാരക്കാരനായ റിക്കോ ലൂയിസ് ക്ലബ്ബിനായുള്ള തന്റെ കന്നി ഗോളിലൂടെ തന്റെ ആദ്യ സീനിയർ തുടക്കം കുറിച്ചു.അർജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസും റിയാദ് മഹ്‌റെസും ശേഷിക്കുന്ന ഗോളുകൾ നേടി.31-ാം മിനിറ്റിൽ സിറ്റിയുടെ റിസർവ് കീപ്പർ സ്റ്റെഫാൻ ഒർട്ടേഗയെ മറികടന്ന് ഒരു പോയിന്റ് ഹെഡറിലൂടെ റാഫ മിർ സെവിയ്യയ്ക്ക് ലീഡ് നൽകി. 52-ാം മിനിറ്റിൽ അൽവാരസിന്റെ സ്ലൈഡ് റൂൾ പാസിൽ ഓടിയെത്തി റിക്കോ ലൂയിസ് സിറ്റിക്ക് വേണ്ടി സമനില പിടിച്ചു.

17 വയസും 346 ദിവസവും പ്രായമുള്ള ലൂയിസ് ആദ്യ ചാമ്പ്യൻസ് ലീഗ് തുടക്കത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി.ലിയോണിനായി സ്കോർ ചെയ്യുമ്പോൾ 17 വർഷവും 352 ദിവസവും പ്രായം ആയിരുന്ന കരിം ബെൻസെമയുടെ റെക്കോർഡ് തകർത്തു. 73 ആം മിനുട്ടിൽ പകരക്കാരനായ കെവിൻ ഡി ബ്രൂയ്‌നിന്റെ ഉജ്ജ്വലമായ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ അൽവാരസും 83 ആം മിനുട്ടിൽ അൽവാരസിന്റെ അസ്സിസ്റ്റിൽ നിന്നും മഹ്രെസ് വിജയം ഉറപ്പിച്ചു.

എഫ്‌സി കോപ്പൻഹേഗനുമായി 1 -1 സമനിലയിൽ പിരിഞ്ഞെങ്കിലും അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട്.ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ എഫ്‌സി കോപ്പൻഹേഗൻ അവരുടെ ആദ്യ ഗോൾ ഇന്നലെ നേടുകയും ചെയ്തു. 6 മത്സരങ്ങളിൽ നിന്നും 9 പോയിന്റുമായാണ് ജർമൻ ക്ലബ് മുന്നേറിയത്.

Rate this post