ലോകഫുട്ബോളിലെ വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡ് എഫ്സി തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയിലാണ് ഇപ്പോൾ. സെർജിയോ റാമോസും ക്രിസ്റ്റ്യാനോ റൊണാൾഡോയും പന്ത് തട്ടിയ റയൽ മാഡ്രിഡിന്റെ സുവർണ്ണതലമുറയിൽ ഇനി ക്ലബ്ബിൽ അവശേഷിക്കുന്നത് ലൂക്ക മോഡ്രിച്, ടോണി ക്രൂസ്, നാച്ചോ ഫെർണാണ്ടസ്, കർവഹാൽ തുടങ്ങി വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രം.
ജൂഡ് ബെലിങ്ഹാം, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ്, കാമവിങ്ക, ഫെഡറിക്കോ വാൽവർഡേ തുടങ്ങി അടുത്ത ഫുട്ബോൾ തലമുറയിലെ പ്രധാനികളെ സ്വന്തം തട്ടകത്തിൽ എത്തിച്ച റയൽ മാഡ്രിഡ് വരുന്ന വർഷങ്ങളിലെ ഫുട്ബോൾ പാരമ്പര്യവും തങ്ങളുടേതാക്കി മാറ്റാൻ ഒരുങ്ങുകയാണ്. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന്റെ വിടവ് ഇതുവരെ റയൽ മാഡ്രിഡിന് നികത്താനായിട്ടില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം വെക്കാൻ ഫിഫ വേൾഡ് വേൾഡ് കപ്പ് ജേതാവായ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ സ്വന്തമാക്കാനും റയൽ മാഡ്രിഡിന്റെ നീക്കങ്ങൾ നടക്കുന്നുണ്ട്. നിലവിൽ റയൽ മാഡ്രിഡ് നൽകുന്ന സൂചനകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി നമ്പർ ആയിരുന്ന ഏഴാം നമ്പർ ഇനി മുതൽ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഉപയോഗിക്കും.
Vinicius Júnior has changed his number as he will wear number 7 next season 🇧🇷
— Fabrizio Romano (@FabrizioRomano) June 12, 2023
New shirt number also for Rodrygo who will wear number 11 starting from July. pic.twitter.com/9QrEblBB9t
ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന് ശേഷം മരിയാനോയും ഈഡൻ ഹസർഡും ഉപയോഗിച്ച ഏഴാം നമ്പർ ഇനി വിനീഷ്യസ് ജൂനിയറിന്റെതാണ്. കൂടാതെ ടീമിലെ 11-നമ്പർ ജേഴ്സിയായിരിക്കും ഇനി മുതൽ മറ്റൊരു ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോ ഗോസ് ഉപയോഗിക്കുക എന്ന് റയൽ മാഡ്രിഡ് ഒഫീഷ്യൽ ആയി അറിയിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള വിജയങ്ങളിൽ ഈ ബ്രസീലിയൻ താരങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.