ഇറ്റാലിയൻ സിരി എ യിൽ കിരീടം നിർണയിക്കുന്നത് അവസാന മത്സരത്തിലായിരിക്കും. ഇന്നലെ നടന്ന മത്സരങ്ങളിൽ ആദ്യ രണ്ടു രണ്ടു സ്ഥാനക്കാരായ എ സി മിലാനും ഇന്റർ മിലാനും വിജയം സ്വന്തമാക്കി. ഇവരെ തമ്മിൽ വേർ തിരിക്കുന്നത് രണ്ടു പോയിന്റുകൾ മാത്രമാണ്.
ഒന്നാം സ്ഥാനത്തുള്ള എ സി മിലാൻ ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. സാൻസിരോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായിരിന്നു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്.56ആം മിനുട്ടിൽ മെസിയസിന്റെ പാസ് സ്വീകരിച്ച് ലിയോ ആണ് മിലാന് ലീഡ് നൽകിയത്. 75ആം മിനുട്ടിൽ തിയീ ഹെർണാണ്ടസ് മിലാന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ എ സി മിലാൻ 37 മത്സരങ്ങളിൽ നിന്ന് 83 പോയിന്റിൽ ആയി.
മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ ലാറ്റൂരോ മാർട്ടിനെസിന്റെ ഇരട്ട ഗോളിൽ കാലിയാരിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.ആദ്യ പകുതിയിൽ ഡിഫൻഡർ ഡാർമിയന്റെ ഗോളാണ് ഇന്ററിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 51ആം മിനുട്ടിലും 84ആം മിനുട്ടിലും ആയി ലൗട്ടാരോ മാർട്ടിനസ് ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ഇന്നലത്തെ ഗോളുകളോടെ ലൗട്ടാരോക്ക് ഈ സീസൺ ലീഗിൽ 21 ഗോളുകൾ ആയി. ഈ ജയത്തോടെ ഇന്റർ മിലാന് 37 മത്സരങ്ങളിൽ നിന്ന് 81 പോയിന്റായി.അവസാന മത്സരത്തിൽ ഇന്റർ മിലാൻ സാമ്പ്ഡോറിയയെയും എ സി മിലാൻ സസുവോളയേയും നേരിടും.
സ്പാനിഷ് ലാ ലീഗയിൽ കിരീടം നേടിയ റയൽ മാഡ്രിഡിനെ കാഡിസ് സമനിലയിൽ തളച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. അഞ്ചാം മിനുട്ടിൽ മരിയാനോയിലൂടെ മുന്നിലെത്തിയ റയൽ മാഡ്രിഡിനെ 37 ആം മിനുട്ടിൽ റൂബൻ സോബറിനോ നേടിയ ഗോളിൽ കാഡിസ് തളച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി തിബോ കോർട്ടോയിസ്, ലൂക്കാ മോഡ്രിച്ച്, വിനീഷ്യസ് ജൂനിയർ, കരിം ബെൻസെമ എന്നിവർക്ക് ആൻസെലോട്ടി വിശ്രമം നൽകി.അടുത്തയാഴ്ച റയൽ ബെറ്റിസിന് ആതിഥേയത്വം വഹിക്കുമ്പോൾ ലാലിഗ ചാമ്പ്യന്മാർ അവരുടെ ലീഗ് കാമ്പെയ്‌ൻ അവസാനിപ്പിക്കും.
ബാഴ്സലോണ ഗെറ്റഫെയോട് ഗോൾ രഹിത സമനില വഴങ്ങുകയും ഒപ്പം സെവില്ല അത്ലറ്റിക്കോ മത്സരം സമനില ആവുകയും ചെയ്തതോടെയാണ് ലാലിഗയിൽ രണ്ടാം സ്ഥാനം ബാഴ്സലോണ ഉറപ്പിച്ചത്. സാവി ചുമതലയേൽക്കുമ്പോൾ ലാലിഗയിൽ ഒമ്പതാം സ്ഥാനത്ത് ആയിരുന്നു ബാഴ്സലോണ. അവിടെ നിന്ന് ക്ലബ് രണ്ടാം സ്ഥാനത്ത് എത്തിയത് ആരാധകർ പോലും പ്രതീക്ഷിക്കാത്ത ഒരു നേട്ടമായി. ഇപ്പോൾ ബാഴ്സലോണക്ക് 37 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണ് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡിന് 68 പോയിന്റും സെവിയ്യക്ക് 67 പോയിന്റും ഉണ്ട്. ഇരു ടീമുൾക്കും അടുത്ത മത്സരം ജയിച്ചാലും ബാഴ്സയെ മറികടക്കാൻ ആകില്ല. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡും സെവിയ്യയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.