എംബാപ്പെയുടെ പിഎസ്‌ജി കരാറിലെ വിവരങ്ങൾ ലീക്കായി, റയൽ മാഡ്രിഡിന് പുതിയ പ്രതീക്ഷ

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ച താരമായിരുന്നു കിലിയൻ എംബാപ്പെ. റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള താൽപര്യം പല തവണ വെളിപ്പെടുത്തിയിട്ടുള്ള എംബാപ്പെ പിഎസ്‌ജി കരാർ അവസാനിച്ച് ഫ്രീ ഏജന്റായതോടെ താരം തീർച്ചയായും ക്ലബിലെത്തുമെന്ന് ലോസ് ബ്ലാങ്കോസിലെ താരങ്ങളും ആരാധകരും ഒന്നടങ്കം പ്രതീക്ഷിച്ചു. എന്നാൽ പിഎസ്‌ജി വമ്പൻ ഓഫർ മുന്നോട്ടു വെച്ചതോടെ കരാർ പുതുക്കി ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരുകയാണ് ഫ്രഞ്ച് മുന്നേറ്റനിര താരം ചെയ്‌തത്‌.

ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള കിലിയൻ എംബാപ്പക്കു വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് അവസാനിപ്പിക്കാനുള്ള സാധ്യത തീരെയില്ല. വരുന്ന വർഷങ്ങളിൽ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ലോസ് ബ്ലാങ്കോസ് തുടരുമെന്ന് ഉറപ്പാണ്. ഇപ്പോൾ താരത്തെ സ്വന്തമാക്കാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം ലഭിച്ചിട്ടുണ്ടെന്നാണ് എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പറയുന്നത്. എംബാപ്പയും പിഎസ്‌ജിയും തമ്മിൽ ഒപ്പുവെച്ച കരാറിലെ ചില വിവരങ്ങൾ ലീക്കായതിനെ തുടർന്നാണ് താരത്തെ നേരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന റയൽ മാഡ്രിഡിന്റെ പ്രതീക്ഷ വർധിച്ചത്.

പിഎസ്‌ജിയുമായി എംബാപ്പെ മൂന്നു വർഷത്തേക്കാണ് കരാർ പുതുക്കിയതെന്നാണ് നേരത്തെ റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം താരവും ഫ്രഞ്ച് ക്ലബും തമ്മിലുള്ള കരാർ രണ്ടു വർഷത്തേക്ക് മാത്രമാണ്. അതിനു ശേഷം എംബാപ്പെക്കു താൽപര്യമുണ്ടെങ്കിൽ ഒരു വർഷത്തേക്കു കൂടി കരാർ നീട്ടണമെന്ന ഉടമ്പടിയും കരാറിലുണ്ട്. പുറത്തു വന്ന വിവരങ്ങൾ സത്യമാണെങ്കിൽ 2024 വരെ മാത്രമേ എംബാപ്പെയെ പിഎസ്‌ജിക്ക് സ്വന്തം ടീമിൽ നിലനിർത്താൻ കഴിയൂ.

2024 വരെ മാത്രമേ കരാറുള്ളൂവെങ്കിൽ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് അവസരമുണ്ട്. 2024ൽ കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുമെന്നിരിക്കെ താരത്തെ അടുത്ത സമ്മറിൽ തന്നെ വിട്ടു കൊടുക്കാൻ പിഎസ്‌ജി നിർബന്ധിതരായേക്കും. ഈ അവസരം മുതലെടുത്ത് താരത്തിനു വേണ്ടി വമ്പൻ തുക മുടക്കി ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞു. 2021 സമ്മർ ജാലകത്തിൽ താരത്തിനു വേണ്ടി 200 മില്യൺ യൂറോ വരെ വാഗ്‌ദാനം ചെയ്ത ക്ലബാണ് റയൽ മാഡ്രിഡ്.

പിഎസ്‌ജിയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കാക്കുമ്പോൾ ഈ സീസണിനപ്പുറം എംബാപ്പെ ക്ലബിനൊപ്പം തുടരാനും തുടരാതിരിക്കാനും സാധ്യതയുണ്ട്. ലയണൽ മെസി, നെയ്‌മർ എന്നിവരുടെ സാന്നിധ്യം മൂലം താരത്തിനു ടീമിലെ സൂപ്പർസ്റ്റാർ പരിവേഷം ലഭിക്കാത്തതിനാൽ ക്ലബ് വിടുന്നത് എംബാപ്പെ പരിഗണിച്ചേക്കും. അതേസമയം ഈ സീസണു ശേഷം ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കുമെന്നിരിക്കെ അർജന്റീനിയൻ താരം ക്ലബിൽ തുടരുമോ ഇല്ലയോ എന്നതും എംബാപ്പയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കും.

Rate this post
Kylian MbappePsgReal Madrid