അർജന്റീനിയൻ താരത്തിനായി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും മത്സരം

യൂറോപ്പിൽ അർജന്റീന താരങ്ങൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ അർജന്റീനയിൽ നിന്നും നിരവധി യുവതാരങ്ങൾ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലേക്ക് ചേക്കേറി. മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണയുമെല്ലാം അതിലുൾപ്പെടുന്നു. വമ്പൻ തുക നൽകിയുള്ള ട്രാൻസ്‌ഫറുകൾക്കൊപ്പം ഭാവി ടീമിനെ വാർത്തെടുക്കാനുള്ള പദ്ധതിയും യുവതാരങ്ങളെ സ്വന്തമാക്കാൻ കാരണമാണ്.

ഇപ്പോൾ അർജന്റീനയുടെ മറ്റൊരു താരത്തിന് വേണ്ടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ തമ്മിൽ മത്സരം നടത്തുകയാണ്. ബൊക്ക ജൂനിയേഴ്‌സ് താരമായ എക്സെക്വിൽ സെബയോസിനു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി, സ്‌പാനിഷ്‌ ക്ലബായ റയൽ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബായ എസി മിലാൻ എന്നിവരെല്ലാം രംഗത്തു വന്നിട്ടുണ്ട്. ഇരുപതുകാരനായ താരം അറ്റാക്കിങ് പൊസിഷനിലാണ് കളിക്കുന്നത്.

പതിനാറാം വയസിൽ ബൊക്ക ജൂനിയേഴ്‌സ് ക്ലബിനു വേണ്ടി പ്രൊഫെഷണൽ കരാറൊപ്പിട്ട് ചരിത്രം കുറിച്ച താരമാണ് സെബയോസ്. പതിനെട്ടാം വയസിൽ സീനിയർ ടീമിനായി താരം അരങ്ങേറ്റം നടത്തുകയും ചെയ്‌തു. ഇപ്പോൾ ബൊക്ക ജൂനിയേഴ്‌സ് ടീമിലെ സ്ഥിരസാന്നിധ്യമായ താരം 46 മത്സരങ്ങൾ കളിച്ച് അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീന അണ്ടർ 17 ടീമിനായി 17 മത്സരങ്ങളിലും താരം കളിച്ചു.

2026 വരെ ബൊക്ക ജൂനിയേഴ്‌സുമായി കരാറുണ്ടെങ്കിലും സെബയോസ് യൂറോപ്പിലേക്ക് ചേക്കേറാനാണ് സാധ്യത. മാഞ്ചസ്റ്റർ സിറ്റിക്കാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ താൽപര്യം. മികച്ച സ്‌കൗട്ടിങ് റിപ്പോർട്ടുകളാണ് താരത്തെക്കുറിച്ച് സിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ട്രാൻസ്‌ഫർ നടന്നാൽ ഒരു വർഷത്തിനിടയിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്ന മൂന്നാമത്തെ അർജന്റീന താരമായിരിക്കും സെബയോസ്.

Rate this post
Manchester city