റയൽ മാഡ്രിഡിന്റെ കുതിപ്പ് പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക്, ആർക്ക് കഴിയും വെല്ലുവിളിക്കാൻ |Real Madrid

ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ തങ്ങളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കാൻ റയൽ മാഡ്രിഡിന് കഴിയുന്നുണ്ട്. കഴിഞ്ഞ സീസണിൽ വമ്പൻ ടീമുകളെ ഒന്നൊന്നായി കീഴടക്കി കിരീടം നേടിയ റയൽ മാഡ്രിഡ് ഈ സീസണിലും അത് തന്നെ ആവർത്തിക്കാൻ പോകുന്നതു പോലെയാണ് തോന്നുന്നത്. ഇന്നലെ ലിവർപൂളിനെതിരെ നേടിയ വിജയം അത് വ്യക്തമാക്കുന്നു.

എതിരാളികളുടെ മനോധൈര്യം ചോർത്തുന്ന ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴു ഗോളുകൾക്ക് തോൽപിച്ച ലിവർപൂൾ റയലിനെതിരെ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാം പാദത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങി.

ലിവർപൂളിനെ കീഴടക്കി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തിയ റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഇനി മുന്നിൽ വരുന്ന ടീമുകളെയും മറികടക്കാൻ കഴിയും. വെള്ളിയാഴ്‌ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബയേൺ മ്യൂണിക്ക്, നാപ്പോളി, ഇന്റർ, എസി മിലാൻ ബെൻഫിക്ക എന്നീ ഏഴു ടീമുകളിലൊന്നാണ് റയലിന്റെ എതിരാളികളായി വരിക.

നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഇതിലൊരു ടീമും റയൽ മാഡ്രിഡിനെ സംബന്ധിച്ച് മറികടക്കാൻ ബുദ്ധിമുട്ടുള്ളതല്ല. അതേസമയം മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, നാപ്പോളി ടീമുകളെ ലഭിച്ചാൽ റയൽ മാഡ്രിഡ് അവരിൽ നിന്നും വെല്ലുവിളി നേരിടേണ്ടി വരും. മറ്റു ടീമുകളെ പരിചയസമ്പത്ത് വെച്ച് തന്നെ റയലിന് മറികടക്കാൻ കഴിയും.

കഴിഞ്ഞ സീസണിൽ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരെ കീഴടക്കിയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയം നേടിയത്. അതെ സ്‌ക്വാഡും അതെ പരിശീലകനുമുള്ള ടീമിന് ഇത്തവണ സമാനമായ പ്രകടനം തന്നെ നടത്താൻ കഴിയും. ചാമ്പ്യൻസ് ലീഗിൽ റയൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നത് കണക്കാക്കുമ്പോൾ കിരീടം വീണ്ടും മാഡ്രിഡിലേക്ക് തന്നെ എത്താനാണ് സാധ്യത.

Rate this post
Real Madrid