നിരവധി വർഷങ്ങളായി റയൽ മാഡ്രിഡിന്റെ സ്‌ട്രൈക്കർ സ്ഥാനത്ത് മറ്റൊരു താരത്തിനും ഇടം നൽകാതെ അടക്കി ഭരിച്ചു കൊണ്ടിരിക്കുകയായിരുന്നു കരിം ബെൻസിമ. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുത്ത താരം ബാലൺ ഡി ഓർ സ്വന്തമാക്കിയെങ്കിലും ഈ സീസണിൽ താരത്തിന്റെ ഫോം അത്ര മികച്ചതല്ല.
ഫോമിലുള്ള ഇടിവും പരിക്കിന്റെ പ്രശ്‌നങ്ങളും കാരണം കരിം ബെൻസിമക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ സമ്മറിൽ എംബാപ്പയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തിയെങ്കിലും അവസാന നിമിഷത്തിൽ താരം പിഎസ്‌ജി കരാർ പുതുക്കി ഫ്രാൻസിൽ തന്നെ തുടരുകയായിരുന്നു.
നിലവിൽ ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ എംബാപ്പെ, ഹാലൻഡ് എന്നിവരെ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നുണ്ട്. നേരത്തെ ഈ രണ്ടു താരങ്ങളെയും റയൽ മാഡ്രിഡ് ഒരുമിച്ച് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവർ വാങ്ങുന്ന പ്രതിഫലം വളരെ കൂടിയതായതിനാൽ അതിനു സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏർലിങ് ഹാലൻഡിനെ സ്വന്തമാക്കണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഭീമമായ തുക ട്രാൻസ്‌ഫർ ഫീസ് നൽകേണ്ടി വരുമെന്നുറപ്പാണ്. അതേസമയം എംബാപ്പയുടെ പിഎസ്‌ജി കരാർ അടുത്ത സമ്മറിൽ അവസാനിക്കും. അതുകൊണ്ടു തന്നെ ഫ്രഞ്ച് താരത്തെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡിനു താല്പര്യമെന്നാണ് സ്പെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Real Madrid have long been linked with signing both Erling Haaland and Kylian Mbappe.
— Football España (@footballespana_) March 7, 2023
Speculation has continued into this season, despite the former having only recently signed for #MCFC, and the latter penning a new deal at PSG last season. pic.twitter.com/I4O9iPlvVw
നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളായ ഹാലൻഡും എംബാപ്പയും വളരെക്കാലം യൂറോപ്പ് ഭരിക്കുമെന്ന് കരുതുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരിൽ ആരെ സ്വന്തമാക്കിയാലും റയൽ മാഡ്രിഡിന് ഗുണമാണ്. ഈ രണ്ടു താരങ്ങൾക്കും റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ താത്പര്യവുമുണ്ട്.