യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബിയിൽ നടന്ന നിർണായക പോരാട്ടത്തിൽ എഫ് സി പോർട്ടോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് നോക്ക് ഔട്ടിൽ സ്ഥാനം ഉറപ്പിച്ചു.മൂന്ന് ചുവപ്പ് കാർഡ് കണ്ട കയ്യാങ്കളിക്ക് ശേഷമാണ് അത്ലറ്റികോ മാഡ്രിഡ് വിജയിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനായില്ല.രണ്ടാം പകുതിയിൽ ഗ്രീസ്മന്റെ ഗോളിലൂടെ 56ആം മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് എടുത്തു.
60 ആം മിനിറ്റിൽ അത് ലറ്റിക്കോ മാഡ്രിഡിന്റെ കരാസ്കോയാണ് ആദ്യം റെഡ് കാർഡ് വാങ്ങി മൈതാനം വിടുന്നത്. മൂന്ന് മിനിറ്റിനുള്ളിൽ പോർട്ടോ ഡിഫൻഡർ വെൻഡലും ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയി. സൈഡ് ബെഞ്ചിൽ നിന്ന് പ്രതിഷേധിച്ചതിനാണ് റിസർവ് ഗോളി മർച്ചേസിൻ റഫറിയുടെ കടുത്ത നടപടി നേരിട്ടത്. 90 ആം മിനുട്ടിൽ കൊറിയ നേടിയ ഗോളിനും ഇഞ്ചുറി ടൈമിൽ ഡി പോളും നേടിയ ഗോളിന് അത്ലറ്റികോ മാഡ്രിഡ് സ്കോർ 3 -0 ആക്കി മാറ്റി.പോർട്ടോയുടെ ഏക ഗോൾ കളി അവസാനിക്കുന്നതിന് തൊട്ട് മുൻപ് പെനാൽറ്റിയിലൂടെ ഒലിവേറയാണ് നേടിയത്. 6 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായാണ് ഡിയാഗോ സിമിയോണിയുടെ ടീം ചാമ്പ്യൻസ് ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. 5 പോയിന്റ് മാത്രമുള്ള പോർട്ടോ പുറത്തായി.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എ സി മിലാൻ ലിവർപൂളിനോട് പരാജയപ്പെട്ടു. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് മിലാൻ ടീം 2-1 എന്ന സ്കോറിന് തോറ്റത്. ലിവർപൂളിനായി സലായും ഒറിഗിയും ഗോൾ നേടി. തുടക്കത്തിൽ ഒരു കോർണറിൽ നിന്ന് ടൊമോരി ആയിരുന്നു മിലാന് ലീഡ് നൽകിയത്. ഈ വിജയം ലിവർപൂളിനെ 6ൽ ആറും ജയിച്ച് 18 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യാൻ സഹായിച്ചു. മിലാൻ ആകട്ടെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് യൂറോപ്പിൽ നിന്ന് തന്നെ പുറത്തായി.
യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് ഇന്റർ മിലാനെ തോൽപ്പിച്ചു. നേരത്തെ തന്നെ ഇരു ടീമുകളും പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ആദ്യ പകുതിയിൽ 17ആം മിനുട്ടിൽ ടോണി ക്രൂസാണ് റയൽ മാഡ്രിഡിന് ബെർണബയുവിൽ ഇന്ന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ബരെയ ചുവപ്പ് കണ്ടതോടെ ഇന്റർ മിലാന്റെ കളിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം അവസാനിച്ചു.രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ അസെൻസിയോയുടെ ലോകോത്തര നിലവാരമുള്ള ഗോൾ റയലിന്റെ ജയം പൂർത്തിയാക്കി. ഗ്രൂപ്പ് ഡിയിൽ 15 പോയിന്റുമായാണ് റയൽ ഒന്നാമത് ഫിനിഷ് ചെയ്തത്. രണ്ടാമുള്ള ഇന്റർ 10 പോയിന്റും നേടി. ഷാക്തർ ഡൊനെറ്റ്സ്ക് ഷെരീഫ് ടിരാസ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി.
ഗ്രൂപ്പ് സിയിൽ നടന്ന പോരാട്ടത്തിൽ ബൊറൂസിയ ഡോർട്മുണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബെസികസിനെ തോൽപ്പിച്ചു .വിജയിച്ചെന്നു എങ്കിലും പ്രീ ക്വാർട്ടറിലേക്ക് കടക്കാനായില്ല. മാർകോ റിയൂസ് ,ഹാലാൻഡ് എന്നിവരുടെ ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിന്റെ ജയം. മലൻ ആണ് ശേഷിക്കുന്ന ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണെ അയാക്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.സെബാസ്റ്റ്യൻ ഹാളർ (8′ PEN)ആന്റണി (42′)ഡേവിഡ് നെറസ് (58′)സ്റ്റീവൻ ബെർഗൂയിസ് (62′) എന്നിവരാണ് അയാക്സിന്റെ ഗോളുകൾ നേടിയത്.നുനോ സാന്റോസ് (22′)ബ്രൂണോ ടബാറ്റ (78′) എന്നിവർ സ്പോർട്ടിങ്ങിനെ ഗോളുകൾ നേടി.ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റും അവർ നേടിയാണ് അയാക്സ് പ്രീ ക്വാർട്ടറിലെത്തുന്നത്.ഈ വിജയത്തോടെ ഡോർട്മുണ്ടിന് 9 പോയിന്റ് ആയി എങ്കിലും മെച്ചപ്പെട്ട ഹെഡ് ടു ഹെഡ് റെക്കോർഡും ഗോൾ ഡിഫറൻസും ഉള്ള സ്പോർടിംഗ് 9 പോയിന്റുമായി ഡോർട്മുണ്ടിന് മുകളിൽ രണ്ടാമത് ഫിനിഷ് ചെയ്തു. മൂന്നാമത് ഫിനിഷ് ചെയ്ത ഡോർട്മുണ്ട് യൂറോപ്പ ലീഗിലേക്കും പോയി.