റയൽ മാഡ്രിഡ് മിഡ്ഫീൽഡിനെ കുറിച്ച് ചെറിയ തോതിൽ ആരാധകർക്ക് ആശങ്കക്ക് വകനൽകുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മറ്റൊന്നുമല്ല, റയലിലെ മധ്യനിര താരങ്ങളായ ഇസ്കോയെയോ ക്രൂസിനെയോ യുവന്റസ് താരം ദിബാലക്ക് വേണ്ടി റയൽ ഓഫർ ചെയ്തു എന്നായിരുന്നു വാർത്ത. എന്നാൽ ആധികാരികമായി റിപ്പോർട്ട് ചെയ്യാത്തതിനാൽ ഒരു റൂമർ മാത്രമായി ഇത് അവശേഷിക്കുകയായിരുന്നു. എന്നിരുന്നാലും ഇസ്കോ തങ്ങളുടെ നോട്ടപ്പുള്ളി ആണെന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇസ്കോയെ പോലെ ഒരു താരം ക്രിസ്റ്റ്യാനോക്ക് കൂട്ടായി ഉണ്ടായിരുന്നുവെങ്കിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് വിജയിക്കാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തുടർന്ന് യുവന്റസ് ഇസ്കോക്ക് വേണ്ടിയുള്ള അന്വേഷണവും നടത്തി.
എന്നാൽ മധ്യനിരയിലേക്ക് മറ്റൊരു മിന്നും താരം തിരിച്ചു വരുന്ന വാർത്തകളാണ് റയലിന്റെ ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. റയൽ മാഡ്രിഡ് ലോണിൽ പറഞ്ഞയച്ച യുവപ്രതിഭ മാർട്ടിൻ ഒഡീഗാർഡിനെ തിരിച്ചു വിളിക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ സിദാൻ. ഈ സമ്മറിൽ താരത്തെ റയൽ മാഡ്രിഡ് ക്ലബിൽ എത്തിച്ചേക്കും. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ റയൽ സോസിഡാഡിന് വേണ്ടിയാണ് താരം കളിക്കുന്നത്. റയൽ സോസിഡാഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പോയതാണ് താരത്തെ തിരികെ എത്തിക്കാൻ റയൽ മാഡ്രിഡിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച ചർച്ചകൾ ഇരുക്ലബുകളും നടത്തിയതായി അറിയാൻ കഴിയുന്നുണ്ട്.
കോവിഡ് പ്രശ്നം മൂലം പുതിയ താരങ്ങളെ ക്ലബിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിനാലാണ് ലോണിൽ കളിക്കുന്ന മികച്ച താരത്തെ തിരിച്ചു വിളിക്കാൻ റയലും സിദാനും തീരുമാനമെടുത്തത്. ഇരുപത്തിവയസ്സുകാരനായ താരം വളരെ മികച്ച പ്രകടനമായിരുന്നു ലാലിഗയിൽ കാഴ്ച്ചവെച്ചത്. എന്നാൽ തുടർച്ചയായ പരിക്കുകൾ താരത്തെ വല്ലാതെ തളർത്തുന്നുണ്ട്. 2015-ൽ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറിയ താരം പിന്നീട് മൂന്നോളം ക്ലബുകൾക്ക് വേണ്ടി കളിക്കുകയായിരുന്നു. റയൽ മാഡ്രിഡ് ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള താരമാണ് ഈ നോർവീജിയൻ താരം. താരത്തെ തിരിച്ചു ടീമിൽ എത്തിക്കുന്നത് ശരിയായ തീരുമാനമെന്നാണ് ആരാധകരുടെ പക്ഷം. അതേസമയം ലോണിൽ കളിച്ചിരുന്ന അഷ്‌റഫ് ഹാക്കിമിയെ റയൽ മാഡ്രിഡ് വിട്ടുകളഞ്ഞിരുന്നു. കൂടാതെ ഇന്നലെ കുബോയെ വിയ്യാറയലിന് ലോണിൽ കൈമാറുകയും ചെയ്തു.