ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പാരീസിന് സമനില. ലെൻസ് ആണ് പി.എസ്.ജിയെ 1-1 എന്ന സ്കോറിന് തളച്ചത്. പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി ആധിപത്യം കണ്ടു എങ്കിലും നിരവധി അവസരങ്ങൾ ആണ് ലീഗിൽ അഞ്ചാമതുള്ള ലെൻസ് മത്സരത്തിൽ സൃഷ്ടിച്ചത്. മെസ്സി, ഇക്കാർഡി, ഡി മരിയ എന്നീ 3 അർജന്റീന താരങ്ങളെയും ആണ് പോച്ചറ്റീന്യോ ഇന്ന് മുന്നേറ്റ ചുമതല ഏൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ വന്നത്.
62 മത്തെ മിനിറ്റിൽ ഡികോറയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ സെകോ ഫൊഫാനയാണ് മത്സരത്തിൽ ലെൻസിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആണ് പി.എസ്.ജി നടത്തിയത്. ഒടുവിൽ 93 മത്തെ മിനിറ്റിൽ ഇക്കാർഡിക്ക് പകരക്കാരൻ ആയി ഇറങ്ങിയ എമ്പപ്പെയുടെ ക്രോസിൽ നിന്നു ജിനി വൈനാൾഡം ഹെഡറിലൂടെ പാരീസിന് സമനില സമ്മാനിക്കുക ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ലീഗിൽ ഇപ്പോഴും 12 പോയിന്റുകൾ മുകളിൽ പി.എസ്.ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്
ലാ ലിഗയിൽ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തിലൊന്നിൽ റയൽ സോസിഡാഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. റയൽ സോസിഡാഡിനെതിരെ അവരുടെ നാട്ടിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് വിജയിച്ചത്. രണ്ടാം പകുതിയിൽ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും സെർബിയൻ താരം ലൂക്കാ ജോവിക്കുമാണ് റയലിനായി ഗോൾ നേടിയത്.ഒന്നാം പകുതിയുടെ തുടക്കത്തിൽസൂപ്പർ സ്ട്രൈക്കർ കരീം ബെൻസിമയ്ക്ക് പരിക്കേറ്റത് റയലിന് ആശങ്ക സൃഷ്ടിക്കുന്ന വാർത്തയാണ്. ഇന്റർമിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ബെൻസിമയ്ക്ക് നഷ്ടമാകും. റയൽ സോസിഡാഡിനെതിരെ ജയിച്ചതോടെ ലാ ലിഗയിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിന് 8 പോയിന്റിന്റെ വമ്പൻ ലീഡായി. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സെവിയയ്ക്ക് 31 പോയിന്റാണുള്ളത്.
വീറും വാശിയും നാടകീയതയും നിറഞ്ഞു നിന്ന ബുണ്ടസ് ലിഗയിലെ ആവേശപ്പോരിൽ ബയേണിന് ജയം. വിവാദ പെനാൽറ്റിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബയേൺ ബൊറൂസിയ ഡോട്ട്മുണ്ടിനെ മറികടന്നത്. സ്കോർ 2-2ന് തുല്യതയിൽ നിൽക്കെ ബോക്സിനുള്ളിൽ വെച്ച് ബൊറൂസിയ താരം മാറ്റ് ഹമ്മൽസിന്റെ കയ്യിൽ പന്ത് തട്ടിയെന്ന സംശയത്തിൽ പെനാൽറ്റി വിധിക്കുകയായിരുന്നു. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ അനുവദിച്ച പെനാൽറ്റി ചോദ്യം ചെയ്ത ബൊറൂസിയ പരിശീലകൻ മാർക്കോ റോസിന് ചുവപ്പ് കാർഡ് ലഭിച്ചു. 77 ആം മിനിറ്റിൽ ബയേണിനായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം റോബർട്ട് ലെവൻഡോവസ്കി അനായാസം ഗോളാക്കി.
ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിൽ ആദ്യ പകുതിയുടെ അഞ്ചാം മിനിറ്റിൽ ബ്രാന്റാണ് ബൊറൂസിയയ്ക്ക് ലീഡ് സമ്മാനിച്ചത്. നാല് മിനിറ്റിനകം ലെവൻഡോവസ്കി ബവേറിയൻ ക്ലബിന്റെ മറുപടി ഗോൾ കണ്ടെത്തി. ഹാഫ് ടൈമിന് തൊട്ട് മുൻപ് കോമാനിലൂടെ ബയേൺ വീണ്ടും ലീഡ് നേടി. എന്നാൽ, രണ്ടാം പകുതിയിൽ പന്ത് ഉരുണ്ട് നിമിഷങ്ങൾക്കകം സൂപ്പർ താരം എർലിംഗ് ഹലാണ്ട് ബൊറൂസിയ ഡോട്ട്മുണ്ടിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. ആദ്യ ഗോൾ നേടിയ ബൊറൂസിയ താരം ബ്രാന്റ് രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്ത് പോയത് തിരിച്ചടിയായി. ജയത്തോടെ ജർമ്മൻ ലീഗിൽ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ ബയേൺ മ്യൂണിക്കിന് 4 പോയിന്റിന്റെ ലീഡായി. ലീഗിൽ ബയേണും ബൊറൂസിയയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത്. എവേ പോരാട്ടത്തിൽ വാട്ട്ഫോഡിനെ 3-1ന്
തകർത്താണ് പെപ് ഗ്വാർഡിയോളയുടെ ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറിയത്. പോർച്ചുഗീസ് താരം ബെർണാർഡോ സിൽവയുടെ ഡബിളാണ്സിറ്റിക്ക് തിളക്കമാർന്ന ജയം സമ്മാനിച്ചത്. കളിയുടെ രണ്ട് പകുതിയിലും സ്കോർ ചെയ്ത ബെർണാർഡോ സിൽവ മിന്നും ഫോം തുടരുകയാണ്. കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് 5 തവണയാണ് പോർച്ചുഗീസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ എതിരാളികളുടെ വല ചലിപ്പിച്ചത്. സ്ഥിരത വീണ്ടെടുത്ത റഹീം സ്റ്റെർലിംഗിന്റെ വകയായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. പ്രീമിയർ ലീഗിൽ 35 പോയിന്റോടെ സിറ്റി ലീഡ് ചെയ്യുമ്പോൾ ഒരു പോയിന്റ് കുറവുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. വെസ്റ്റ് ഹാമിനോട് ജയം കൈവിട്ട ചെൽസി 33 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സാവി പരിശീലകനായി എത്തിയ ശേഷം ആദ്യമായി ബാഴ്സലോണ പരാജയപ്പെട്ടു. ലാലിഗയിൽ സ്വന്തം ഗ്രൗണ്ടിൽ ബെറ്റിസിനെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. കൃത്യമായ പ്ലാനുമായി ക്യാമ്പ്നുവിൽ എത്തിയ ബെറ്റിസ് അവരുടെ ടാക്ടിക്സ് നടപ്പിലാക്കുന്നത് ആണ് കാണാൻ ആയത്. ബാഴ്സലോണ അറ്റാക്കുകളെ പാതിവഴിയിൽ തന്നെ തടഞ്ഞ ബെറ്റിസ് രണ്ടാം പകുതിയിൽ ആണ് വിജയ ഗോൾ നേടിയത്.17ആം മിനുട്ടിൽ ആണ് ജുവാന്മിയിലൂടെ ബെറ്റിസ് ലീഡ് നേടിയത്. കനാലസ് വലതുവിങ്ങിലൂടെ നടത്തിയ അറ്റാക്കിന് ഒടുവിൽ ജുവാന്മി പന്ത് ടെർ സ്റ്റേഗനെ കീഴ്പ്പെടുത്തി വലയിൽ എത്തിക്കുക ആയിരുന്നു. ഈ വിജയത്തോടെ ബെറ്റിസ് ലീഗിൽ 30 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. 23 പോയിന്റ് മാത്രമുള്ള ബാഴ്സലോണ ഇപ്പോൾ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.
എ സി മിലാൻ വീണ്ടും ഇറ്റാലിയൻ ലീഗിന്റെ തലപ്പത്ത്. സിരി എയിലെ പോരാട്ടത്തിൽ സലർനിറ്റാനയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് മിലാൻ തോൽപ്പിച്ചത്. കെസിയും സലെമേക്കെർസും ഒന്നാം പകുതിയിൽ നേടിയ ഗോളുകളാണ് എ സി മിലാന് വിജയം സമ്മാനിച്ചത്. ഇറ്റാലിയൻ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായാണ് എ സി മിലാൻ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. റോമയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർമിലാൻ രണ്ടാം സ്ഥാനത്തെത്തി.എന്നാൽ അറ്റ്ലാനതയോടെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയ നാപോളി മൂന്നാം സ്ഥാനത്തേക്ക് വീണു.