ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോലെയുള്ള ഒരു വേദിയിൽ തുല്യശക്തികളായ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമായിരിക്കും. വീറും വാശിയും നിറഞ്ഞ ഒരു പോരാട്ടമായിരിക്കും ആരാധകരുടെ പ്രതീക്ഷകൾ. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമാവുമ്പോഴാണ് ഒരു മത്സരം ആവേശഭരിതമാവുക. ഇത്തരം മത്സരങ്ങളിൽ ഒരു സ്ഥിരസാന്നിധ്യമാണ് ഫൗളുകൾ. തുല്യശക്തികളോ ചിരവൈരികളോ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഉണ്ടാവുന്ന ഫൗളുകൾക്ക് കയ്യും കണക്കുമുണ്ടാവാറില്ല. അമിതമായ ഫൗളുകൾ മത്സരത്തിന്റെ രസംകൊല്ലി ആവാറുണ്ടെങ്കിലും മത്സരത്തെ ആവേശകരമാക്കുന്നതിൽ ഫൗളുകൾ നിർണായകപങ്ക് വഹിക്കാറുണ്ട്.
അത്തരത്തിലുള്ള ഒരു മത്സരമാണ് റയൽ മാഡ്രിഡ് – മാഞ്ചസ്റ്റർ സിറ്റി മത്സരം ആരാധകർ പ്രതീക്ഷിച്ചതെങ്കിലും റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് വളരെ മൃദുസമീപനമാണ് ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മത്സരത്തിൽ കേവലം മൂന്ന് ഫൗളുകൾ മാത്രമാണ് റയൽ മാഡ്രിഡ് വഴങ്ങിയത്. റയലിന്റെ തീവ്രത കുറഞ്ഞ പോരാട്ടമായി ഇതിനെ കണക്കാക്കാം. ആദ്യപാദ മത്സരത്തിൽ പതിമൂന്ന് ഫൗളുകൾ വഴങ്ങിയ റയൽ മാഡ്രിഡ് ആണ് രണ്ടാം പാദത്തിൽ മൂന്ന് ഫൗളുകൾ കൊണ്ട് അവസാനിപ്പിച്ചത്. അതേസമയം നായകൻ സെർജിയോ റാമോസിന്റെ അഭാവം ഇതിനോട് കൂട്ടിവായിക്കേണ്ട ഒന്നാണ്.
മത്സരത്തിന്റെ മുപ്പതാം മിനുറ്റിനോട് അടുപ്പിച്ചാണ് റയൽ ആദ്യഫൗൾ വഴങ്ങുന്നത്. കാർവഹൽ ജീസസിനെയാണ് ഫൗളിനിരയാക്കിയത്. അടുത്ത ഫൗൾ വന്നത് 81-ആം മിനുട്ടിൽ ആണ്. ലൂക്ക മോഡ്രിച് ഡിബ്രൂയിനെയാണ് വീഴത്തിയത്. ഇതിന് മോഡ്രിച് യെല്ലോ കാണുകയും ചെയ്തു. പിന്നീട് അഞ്ച് മിനുട്ടിന് ശേഷം റയൽ മറ്റൊരു ഫൗൾ കൂടി വഴങ്ങി. ടോണി ക്രൂസ് ഡിബ്രൂയിനെ വീഴ്ത്തുകയായിരുന്നു. ഈ മൂന്നു ഫൗളുകൾ മാത്രമാണ് റയലിന്റെ ഭാഗത്ത് നിന്നും മത്സരത്തിൽ സംഭവിച്ചത്. മറുഭാഗത്ത് സിറ്റി എട്ട് ഫൗളുകൾ വഴങ്ങി.
ഇത് മൂന്നാമത്തെ തവണയാണ് റയൽ ഒരു മത്സരത്തിൽ മൂന്ന് ഫൗളുകൾ മാത്രം വഴങ്ങുന്നത്. മൂന്നും ചാമ്പ്യൻസ് ലീഗിൽ ആയിരുന്നു. ആദ്യത്തെത് 2014-ൽ ഷാൽക്കെയേ 6-1 തോൽപ്പിച്ച മത്സരത്തിൽ ആയിരുന്നു. രണ്ടാമത്തേത് 2017-ൽ ബൊറൂസിയ ഡോർട്മുണ്ടിനെ 3-2 എന്ന സ്കോറിന് പരാജയപെടുത്തിയ മത്സരത്തിലും ആയിരുന്നു.