ഈ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ വിറ്റൊഴിവാക്കാൻ ക്ലബ്ബിനോട് കല്പിച്ച താരങ്ങളിൽ ഒരാളാണ് ഗാരെത് ബെയ്ൽ. എന്നാൽ ബെയ്ൽ ഇതിന് വഴങ്ങിയില്ല എന്ന് മാത്രമല്ല അവസരങ്ങൾ കിട്ടിയില്ലെങ്കിലും റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്നാണ് നിലപാട് സ്വീകരിച്ചത്. ഇത് റയൽ മാഡ്രിഡിന് തലവേദന സൃഷ്ടിച്ചിരുന്നു. റയലിന്റെ മത്സരത്തിനിടെ സൈഡ് ബെഞ്ചിൽ ഇരുന്ന് ബെയ്ൽ ഉറങ്ങുന്നതും ആംഗ്യവിക്ഷേപങ്ങൾ കാണിക്കുന്നതുമൊക്കെ വലിയ തോതിൽ ചർച്ചാവിഷയമായിരുന്നു.
എന്നാൽ ഇതിനിടെ റയൽ മാഡ്രിഡിനെതിരെ വളരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഈ വെയിൽസ് താരം. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബെയ്ൽ രൂക്ഷമായ രീതിയിൽ റയലിനെതിരെ പ്രതികരിച്ചത്. കഴിഞ്ഞ സമ്മറിൽ താൻ റയൽ വിട്ട് ചൈനയിലേക്ക് പോവാൻ ഒരുങ്ങിയിരുന്നുവെന്നും എന്നാൽ ക്ലബ് തന്നെ പോകാൻ അനുവദിച്ചില്ല എന്നുമാണ് ബെയ്‌ലിന്റെ പരാതി. എപ്പോഴും കാര്യങ്ങളെ കൂടുതൽ ബുദ്ദിമുട്ടിലേക്ക് വലിച്ചിഴക്കുകയാണ് റയൽ മാഡ്രിഡ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് സമയമുണ്ട്. പ്രീമിയർ ലീഗിലേക്ക് മടങ്ങി പോവുമോ എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം. സത്യത്തിൽ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനല്ല. അത് റയൽ മാഡ്രിഡിന്റെ കൈകളിലാണ്. സത്യസന്ധമായി പറഞ്ഞാൽ അവർ കാര്യങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. മാഡ്രിഡിൽ എന്തൊക്കെ സംഭവിച്ചാലും അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാൻ എത്രത്തോളം കളിയോട് ആത്മാർത്ഥ ഉള്ളവനാണ് എന്നുള്ളത് വെയിൽസിലെ ജനങ്ങൾക്ക് അറിയാം. അത്കൊണ്ട് ആണവർ എന്നെ ഇഷ്ടപ്പെടുന്നത് ” ഗാരെത് ബെയ്ൽ പറയുന്നു.
“കഴിഞ്ഞ വർഷം ഞാൻ ക്ലബ് വിടാൻ ഞാൻ ശ്രമിച്ചിരുന്നു. അന്ന് അവസാനനിമിഷത്തിൽ അവർ അത് മുടക്കി. ഞാൻ വളരെയധികം പ്രതീക്ഷയോടെ നോക്കികണ്ടിരുന്ന ഒന്നായിരുന്നു അത്. അത് എന്ത് കൊണ്ട് അവർ തടഞ്ഞു വെച്ചു എന്നുള്ളതിന് എനിക്കിപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഞാൻ മുമ്പ് എപ്പോഴൊക്കെ ക്ലബ് വിടാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവർ എന്നെ തടഞ്ഞു വെച്ചിട്ടുണ്ട്. ഞാനും ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. എനിക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാം നിയന്ത്രിക്കുന്നത് അവരാണ് ” ബെയ്ൽ പറഞ്ഞു.