ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡ് ഷക്തർ ഡോണെസ്ക്കിനോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു. 3-2 എന്ന സ്കോറിനായിരുന്നു റയൽ മാഡ്രിഡ് ഷക്തറിന് മുന്നിൽ മുട്ടുമടക്കിയത്. അതും സ്വന്തം മൈതാനത്താണ് എന്നുള്ളത് നാണക്കേടിന്റെ ആഴം വർധിപ്പിക്കുന്നു. തുടർച്ചയായ രണ്ടാം അട്ടിമറി തോൽവിയാണ് റയൽ മാഡ്രിഡ് വഴങ്ങിയത്. അതിന് മുമ്പ് ലാലിഗയിലായിരുന്നു റയൽ അട്ടിമറി തോൽവി ഏറ്റുവാങ്ങിയത്.
ദുർബലരായ കാഡിസിനോടായിരുന്നു ലീഗിലെ അവസാനമത്സരത്തിൽ റയൽ അട്ടിമറി തോൽവി വഴങ്ങിയത്. അതിന് ശേഷം ശേഷമാണ് ചാമ്പ്യൻസ് ലീഗിലും സിദാന്റെ സംഘം തോൽവി അറിഞ്ഞത്. ഇപ്പോഴിതാ ടീമിന്റെ പ്രശ്നങ്ങൾ താൻ തന്നെ ശരിയാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് സിദാൻ. ഇന്നലത്തെ മത്സരത്തിന് ശേഷമാണ് സിദാൻ മാധ്യമങ്ങളോട് സംസാരിച്ചത്. ഇത് ശരിയാക്കാൻ താൻ പ്രാപ്തനാണ് എന്നാണ് സിദാൻ അറിയിച്ചത്.
” ഈ പ്രശ്നങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയും. അതിന് തന്നെയാണ് ഞാൻ ശ്രമിക്കാൻ പോവുന്നതും. ടീമിലെ താരങ്ങൾ കൂടി അതിന് ശ്രമിക്കേണ്ടതുണ്ട്. ഞങ്ങൾ ഇതിനൊരു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അത് ഞങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും. ഇപ്പോൾ ഞങ്ങൾ ശനിയാഴ്ച നടക്കുന്ന ബാഴ്സക്കെതിരെയുള്ള മത്സരത്തിനുള്ള ഒരുക്കത്തിലാണ് ” സിദാൻ തുടർന്നു.
” ഇതിനെല്ലാം ഉത്തരവാദി ഞാൻ തന്നെയാണ്. ടീമിന്റെ ആദ്യ പകുതിയിലെ പ്രകടനം തീർത്തും മോശമായിരുന്നു. ഞാൻ ചില കാര്യങ്ങൾ നല്ല രീതിയിലല്ല കൈകാര്യം ചെയ്തത്. അതിന്റെ ഫലമാണ് അത്. ആദ്യത്തെ ഗോളാണ് എല്ലാം മാറ്റി മറിച്ചത്. അതിന് ഞങ്ങൾ ഒരുപാട് വില നൽകേണ്ടി വന്നു. പക്ഷെ ഈ സീസൺ തുടങ്ങിയിട്ടേ ഒള്ളൂ. ഞങ്ങൾ ഇനി താഴാൻ പോവുന്നില്ല. ബുദ്ധിമുട്ടേറിയ ഒരു തോൽവിയാണ് ഇത്. തീർച്ചയായും ഇതൊരു മോശം രാത്രി. പക്ഷെ ഞങ്ങൾ ശനിയാഴ്ചത്തേക്കുള്ള മത്സരത്തിന് ഒരുങ്ങുകയാണ് ” സിദാൻ പറഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ട് റയൽ തോൽവി ഉറപ്പിച്ചിരുന്നു.