യുവേഫ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിലെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു.വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ റയൽ ലീഡ് നേടിയെങ്കിലും കെവിൻ ഡി ബ്രൂയ്ൻ നേടിയ ലോങ്ങ് റേഞ്ച് ഗോൾ സിറ്റിക്ക് സമനില നേടിക്കൊടുത്തു.
നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ ഇന്നത്തെ മത്സരത്തിൽ സിറ്റിക്ക് ഒരു മുൻതുക്കം കാണാൻ സാധിക്കും.എന്നാൽ ചാമ്പ്യൻസ് ലീഗിലെ റയൽ മാഡ്രിഡിന്റെ പ്രകടനം എന്നും മികച്ചതായിരുന്നു. എത്ര മോശം ഫോമിൽ ആണെങ്കിലും ചാമ്പ്യൻസ് ലീഗിൽ അവർ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും.ഫെബ്രുവരി ആദ്യം മുതൽ തോൽവി അറിയാത്ത സിറ്റി, തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ നോക്കുന്നു, അതേസമയം നിലവിലെ ചാമ്പ്യൻമാരായ മാഡ്രിഡ് 15 ആം കിരീടമാണ് ലക്ഷ്യമിടുന്നത്.
ജൂൺ 10-ന് തുർക്കിയിലെ ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിൽ ഇന്റർ മിലാനെയാണ് ഇന്നത്തെ മത്സരത്തിലെ വിജയികൾ നേരിടുക.ഫോമിലുള്ള ഇൽകെ ഗുണ്ടോഗന്റെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മാൻ സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് തൊടാവുന്ന ദൂരത്ത് എത്തിച്ചു, അടുത്ത വാരാന്ത്യത്തിൽ ചെൽസിയെ മറികടക്കാൻ സിറ്റിക്ക് കഴിയുമെങ്കിൽ ലീഗ് കിരീടം അവർക്ക് സ്വന്തമാക്കാം.മാൻ സിറ്റി എല്ലാ ടൂർണമെന്റുകളിലും ഇത്തിഹാദ് സ്റ്റേഡിയത്തിൽ 14 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല ആ മത്സരങ്ങളിൽ കുറഞ്ഞത് രണ്ട് തവണ സ്കോർ ചെയ്തു.സ്വന്തം മൈതാനത്ത് അതിശക്തരായ സിറ്റി അവിടെ കളിച്ച അവസാനത്തെ 18 മത്സരത്തിലും തോൽവി നേരിട്ടിട്ടില്ല.
ശക്തമായ പ്രതിരോധ നിരക്കും അവസരങ്ങൾ സൃഷ്ടിക്കുന്ന മധ്യ നിരക്കും ഒപ്പം മുന്നേറ്റ നിരയിൽ പോലെ ഗോളുകൾ നേടുന്ന ഏർലിങ് ഹാലണ്ടും മാഡ്രിഡിനെ പ്രതിരോധത്തിലാക്കും. കഴിഞ്ഞ മത്സരത്തിൽ മാഡ്രിഡിന് ഹാളണ്ടിനെ പൂട്ടാൻ സാധിച്ചെങ്കിലുംഎത്തിഹാദിൽ അത് ബുദ്ധിമുട്ടാവും.ല ലിഗ കിരീടം ബാഴ്സക്ക് മുന്നിൽ അടിയറവ് വെക്കേണ്ടി വന്നെങ്കിലും അവസാന മത്സരത്തിൽ മാർക്കോ അസെൻസിയോയുടെ 20-യാർഡ് സ്ട്രൈക്കിൽ ഗെറ്റാഫെയെ 1-0 ന് കീഴടക്കിയാണ് റയൽ ഇന്നിറങ്ങുന്നത്. മുന്നേറ്റ നിരയിൽ വിനീഷ്യസ് – റോഡ്രിഗോ സഖ്യത്തിന്റെ മികച്ച ഫോം റയൽ മാഡ്രിഡിന് ആത്മവിശ്വാസം നൽകുന്നുണ്ട്.