സെർബിയയിൽ വച്ച് കോവിഡ് നിയമലംഘനം, ലൂക്ക ജോവിച്ചിന് ആറു മാസം തടവ് ശിക്ഷ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ

റയൽ മാഡ്രിഡിന്റെ സെർബിയൻ സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ ജന്മം നാടായ സെർബിയ. കോവിഡ് നിയന്ത്രണ നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് താരത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്. തന്റെ കാമുകിയുടെ പിറന്നാൾ ആഘോഷിക്കാനായി റയൽ മാഡ്രിഡിന്റെ ക്വാറന്റൈനിൽ നിന്നും പുറത്തുകടന്നു താരം സെർബിയയിലെത്തിയത്.

കോവിഡ് നിയമം ലംഘിച്ചു സെർബിയയിലെ ബെൽഗ്രേഡിൽ വെച്ചു ബർത്ഡേ പാർട്ടി നടത്തിയതിനാണ് ജോവിച്ചിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഈ നിയമലംഘനത്തിന് ആറു മാസത്തെ ജയിൽ ശിക്ഷാ താരത്തിനു ലഭിച്ചേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക സെർബിയൻ മാധ്യമമായ ടാൻജുഗിനെ ഉദ്ധരിച്ച് റിപ്പോർട്ട്‌ ചെയ്യുന്നത്.

കോവിഡ് മഹാമാരിയുടെ പാരമ്യത്തിൽ ക്ലബ്ബിന്റെ ക്വാറന്റൈൻ ലംഘിച്ചു മാതൃരാജ്യത്തിലേക്ക് പറന്നതിനാണ് താരത്തിനെതിരായി രാഷ്ട്രീയപ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധത്തിന് പത്രമായത്. കാമുകിയുടെ ബർത്ത്ഡേ പാർടിക്കു ശേഷം തെരുവിൽ കറങ്ങി നടന്നിരുന്നുവെന്നും താരത്തിനെതിരെ ആരോപണമുണ്ട്. റയലിലെ ബാസ്കറ്റ് ബോൾ താരമായ ട്രെ തോംബ്സ്കിൻസിനു കോവിഡ് സ്ഥിരീകരിച്ചത്തോടെയാണ് ജോവിച്ചടക്കമുള്ള റയൽ സ്റ്റാഫുകൾ ക്വാറന്റൈനിൽ പോവേണ്ടി വന്നത്.

എന്നാൽ അതു ലംഘിച്ച് സെർബിയയിലേക്ക് മടങ്ങിയതാണ് ജോവിച്ചിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എന്നാൽ താരത്തിനു ചികിത്സപരമായ കാര്യങ്ങൾക്കായി പ്രത്യേക അനുമതിയോടെയാണ് ക്ലബ്ബ് വിടാനനുവദിച്ചതെന്നായിരുന്നു റയലിന്റെ വിശദീകരണം. എന്തായാലും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ 27000 യൂറോ പിഴയടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

Rate this post