കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും പൂർണ മുക്തി നേടുന്നതിനായി ജനുവരി ട്രാൻസ്ഫർ ജാലകത്തിലും ഒരു താരത്തെ പോലും റയൽ സ്വന്തമാക്കില്ലെന്നു തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു സീസൺ മുഴുവൻ ആരാധകരില്ലാതെ കളിക്കേണ്ടി വരുമെന്നു കണക്കാക്കിയാണ് റയൽ മാഡ്രിഡ് ഭാവി പദ്ധതികൾ ഒരുക്കിയിരിക്കുന്നത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും സ്വന്തമാക്കാതിരിക്കുകയും നിലവിലുള്ളതിൽ നിന്നും ചില കളിക്കാരെ ഒഴിവാക്കുകയും ചെയ്ത അതേ രീതിയാണ് ജനുവരിയിലും റയൽ മാഡ്രിഡ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥിരമായി സിദാന്റെ ടീമിൽ ഇടം പിടിക്കാത്ത ലൂക്ക ജൊവിച്ച്, മരിയാനോ ഡയസ് എന്നിവരെ റയൽ മാഡ്രിഡ് ജനുവരിയിൽ ഒഴിവാക്കിയേക്കും.
നിലവിലുള്ള ടീമിനെ കുറച്ചു കൂടി കരുത്തരാക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. നിരവധി താരങ്ങൾക്ക് പ്രായമേറി വരുന്നതോടെ ഭാവിയിൽ അവർക്കു പകരക്കാരെ കണ്ടെത്തേണ്ടത് റയലിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ നിലവിലെ തീരുമാനം കൊണ്ട് എന്തു പ്രത്യാഘാതങ്ങൾ സംഭവിച്ചാലും അതിനെ നേരിടാനാണ് റയലിന്റെ തീരുമാനം.
സ്ക്വാഡ് ശക്തമല്ലെന്ന പരാതി ആരാധകർക്കുണ്ടെങ്കിലും ലാലിഗയിൽ റയൽ മാഡ്രിഡ് ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ഹസാർഡ് അടക്കമുള്ള താരങ്ങൾ പരിക്കു മാറി തിരിച്ചെത്തിയത് റയലിന് ആശ്വാസമാണെങ്കിലും ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ടീമിന് ആശങ്കയാണ്.