ഗെറ്റാഫക്കെതിരായ മത്സരത്തിൽ ബാഴ്സ തോൽവിയേറ്റു വാങ്ങിയെങ്കിലും മത്സരത്തിന്റെ ആദ്യ പകുതിയിൽ യുവതാരം പെഡ്രി നടത്തിയ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കൂമാൻ നേരത്തെ പറഞ്ഞിരുന്നതു കൊണ്ട് മെസിയേയോ ഗ്രീസ്മനെയോ നമ്പർ 10 പൊസിഷനിൽ പ്രതീക്ഷിച്ചിരുന്നവരുടെ ധാരണ തെറ്റിച്ചു കൊണ്ടാണ് ആ പൊസിഷനിൽ വെറും പതിനേഴു വയസു മാത്രമുള്ള താരം മികച്ച പ്രകടനം കാഴ്ച വെച്ചത്.
ബാഴ്സലോണ പ്രതിരോധ താരങ്ങൾ പ്രതീക്ഷിക്കുന്നതു പോലെ തന്നെ ഡീപിലേക്കിറങ്ങി പന്തു സ്വീകരിക്കാനും അതു മുന്നേറ്റനിരയിലേക്കും ആക്രമണത്തിലേക്കും വഴി തുറക്കുന്ന രീതിയിൽ നൽകാനും താരത്തിനു കഴിവുണ്ട്. ഗെറ്റാഫയെ പോലെ കടുത്ത ഡിഫൻസീവ് ലൈനിൽ കളിച്ച ടീമിനെ എളുപ്പത്തിൽ പൊളിച്ചടുക്കി എന്നതു തന്നെ താരത്തിന്റെ മികവിന്റെ ഉദാഹരണമായി കണക്കാക്കപ്പെടുന്നു.
രണ്ടു വർഷം മുൻപ് റയൽ മാഡ്രിഡിൽ ട്രയൽസിനു പോയ പെഡ്രിയെ ക്ലബ് നിരസിക്കുകയായിരുന്നു. മോശം പിച്ചിൽ തന്റെ കഴിവു പ്രകടിപ്പിക്കാൻ കഴിയാതിരുന്ന താരത്തെ റയൽ നിരസിച്ചത് ബാഴ്സക്കിപ്പോൾ അനുഗ്രഹമായെന്നു തന്നെ പറയണം. കളിക്കിടയിൽ ഗ്രീസ്മനു താരം നൽകിയ ത്രൂ പാസ് മത്സരം കണ്ട ഒരാളും മറക്കാനിടയില്ല. താരത്തിന്റെ ആരാധനാ പാത്രമായ മൈക്കൽ ലാഡ്രപ്പിനെ ഓർപ്പിക്കുന്നതായിരുന്നു ആ പാസെന്ന് നിസംശയം പറയാം.
പതിനേഴു വയസായ മറ്റു താരങ്ങൾ ബി ടീമിൽ തന്നെ കഴിവു തെളിയിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് സീനിയർ ടീമിനൊപ്പം തന്റെ മികവ് പെഡ്രി കാണിച്ചു തരുന്നത്. ലാസ് പാൽമാസിൽ നിന്നും ബാഴ്സയിലെത്തിയ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നതുറപ്പാണ്. പെഡ്രിയും ഫാറ്റിയുമടക്കമുള്ള താരങ്ങൾ ബാഴ്സയുടെ ഭാവിയും ഭദ്രമാക്കുന്നു.