സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് പുതിയ താരങ്ങളെ ആരെയും സ്വന്തമാക്കില്ലെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം കൊറോണ വൈറസിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഏതാനും താരങ്ങളെ ഒഴിവാക്കി 2021ലെ സീസണിലേക്കു വേണ്ട തുക സ്വരൂപിക്കാനാണ് റയലിന്റെ നീക്കം.
സീസൺ നിർത്തി വെക്കുന്നതിനു മുൻപ് റയൽ സ്ഥിരതയില്ലാത്ത പ്രകടനമാണു കാഴ്ച വെച്ചിരുന്നതെങ്കിലും സീസൺ പുനരാരംഭിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ടീമിനു വിജയിക്കാനായിട്ടുണ്ട്. നിലവിലെ താരങ്ങളെ വച്ചു തന്നെ അടുത്ത സീസണെ അഭിമുഖീകരിക്കാൻ റയൽ നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്നത് ഇക്കാര്യമാണ്.
അതേ സമയം സിദാനു കീഴിൽ അവസരങ്ങളില്ലാത്ത താരങ്ങളെ നൽകിയാണ് റയൽ തുക സ്വരൂപിക്കാൻ ഒരുങ്ങുന്നത്. ഹമേസ് റോഡ്രിഗസ്, ബേൽ, കബയോസ്, ബ്രഹിം ഡയസ്, മറിയാനോ ഡയസ് എന്നിവർ ഇതിലുൾപ്പെടുന്നു. നേരത്തെ തന്നെ അഷ്റഫ് ഹക്കിമി, ഹാവി സാഞ്ചസ് എന്നിവരെ റയൽ മാഡ്രിഡ് വിറ്റിരുന്നു.
റയലിന്റെ ഇപ്പോഴത്തെ നീക്കം വളരെ ബുദ്ധിപരമായാണു വിലയിരുത്തപ്പെടുന്നത്. അടുത്ത സമ്മറിൽ കോപ അമേരിക്ക, യൂറോ കപ്പ് മത്സരങ്ങൾ നടക്കാനിരിക്കെ പുതിയ താരങ്ങളെ റിക്രൂട്ട് ചെയ്യാനും കെലിയൻ എംബാപ്പയെ പോലൊരു താരത്തെ ടീമിലെത്തിക്കാനും ഇപ്പോഴത്തെ തീരുമാനം കൊണ്ട് റയലിനു കഴിയും.