ഏഴു വർഷത്തിനു ശേഷം ടോട്ടനം ഹോസ്പറിലേക്കുള്ള തന്റെ രണ്ടാം വരവിൽ ക്ലബിനു വേണ്ടിയുള്ള ആദ്യ ഗോൾ ഇന്നലെയാണ് ബേൽ നേടിയത്. എഴുപതാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ താരം മൂന്നു മിനുട്ടിനകം മത്സരത്തിന്റെ സമനിലപ്പൂട്ടു പൊട്ടിച്ച് ടോട്ടനത്തിനു വേണ്ടി വിജയഗോൾ നേടുകയായിരുന്നു. റയൽ മാഡ്രിഡ് മുൻതാരമായ റിഗ്യുലോണാണ് ബേലിന്റെ ഗോളിന് അസിസ്റ്റു നൽകിയത്.
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ബേലിനെ പ്രശംസിക്കുന്നതിനൊപ്പം മാഡ്രിഡിലുള്ളവർക്കു നേരെ പരിഹാസവും മൊറീന്യോ നടത്തി. “ഓരോ ദിവസവും ബേൽ മെച്ചപ്പെട്ടു വരികയാണ്. അതു താരത്തിന്റെ കളി കണ്ടു മാത്രം പറയുന്നതല്ല, കണക്കുകളും വ്യക്തമാക്കുന്നുണ്ട്. ഞങ്ങൾ പരസ്പരം എല്ലാം പങ്കു വെക്കുന്നതു കൊണ്ട് എല്ലാവർക്കും ഇക്കാര്യമറിയാം.” മൊറീന്യോ മത്സരത്തിനു ശേഷം പറഞ്ഞു.
“ബേൽ ആ ഗോൾ തീർച്ചയായും അർഹിച്ചിരുന്നു. അഞ്ചു മിനുട്ട് എനിക്കു ലഭിച്ചാൽ ഞാൻ മാഡ്രിഡിലെ വെബ്സൈറ്റുകളിൽ കയറി അവർ ബേലിനെ കുറിച്ച് എന്താണു പറയുന്നതെന്നു നോക്കണം. ബേൽ തന്റെ മികവു വ്യക്തമാക്കി നിർണായക ഗോൾ ടോട്ടനത്തിനു വേണ്ടി നേടി. അതിനു ശേഷം കേനുമൊന്നിച്ച് അവസാന മിനുട്ടുകളിൽ പരിചയസമ്പന്നമായ കളി കാഴ്ച വെക്കുകയും ചെയ്തു.” മൊറീന്യോ പറഞ്ഞു.
മത്സരത്തിലെ വിജയത്തോടെ ലിവർപൂളിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്കാണ് ടോട്ടനം കുതിച്ചത്. മൊറീന്യോയുടെ കീഴിൽ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന ടോട്ടനം ഈ സീസണിൽ കിരീട പ്രതീക്ഷ കൽപിപ്പിക്കുന്ന ടീമുകളിലൊന്നാണ്.