റയൽ വയ്യഡോളിഡിനെതിരായ ലാലിഗ മത്സരത്തിൽ വിജയം നേടിയെങ്കിലും റയൽ മാഡ്രിഡിന്റെ പ്രകടനത്തിൽ ഒട്ടും താൽപര്യം പ്രകടിപ്പിക്കാതെ സ്പാനിഷ് ജേണലിസ്റ്റ് ജൂലിയോ മാൽദിനി. വയ്യഡോളിഡ് പ്രതിരോധത്തെ മറികടക്കാൻ റയൽ ബുദ്ധിമുട്ടിയ മത്സരത്തിൽ വിനീഷ്യസ് ജൂനിയറാണ് ഒരേയൊരു ഗോൾ നേടിയത്.
“റയൽ വിജയം നേടിയെങ്കിലും മികച്ച പ്രകടനം നടത്തിയെന്ന് അവകാശപ്പെടാൻ കഴിയില്ല. ഇസ്കോയെ മുൻനിർത്തി റയൽ ഡയമണ്ട് ഫോർമേഷനിൽ കളിക്കുന്നത് എതിരാളികൾക്കൊരു ഭീഷണിയല്ല. റയലിന്റെ ഏറ്റവും മികച്ച താരങ്ങൾ ക്വാർട്ടുവയും വരാനുമാണെന്നത് മത്സരത്തിന്റെ അവസ്ഥയെ കാണിക്കുന്നു.” മാൽദിനി പറഞ്ഞു.
ലാലിഗയിൽ ആദ്യ കളിയിൽ സമനിലയോടെ തുടങ്ങിയ റയൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയിരുന്നു. എന്നാൽ ടീമിപ്പോഴും മികച്ച ഫോമിലെത്തിയെന്നു പറയാൻ കഴിയില്ല. ഇതിനിടയിൽ ഹസാർഡിനു പരിക്കേറ്റ് ഒരു മാസത്തോളം നഷ്ടമാകുമെന്നതും റയലിനു തിരിച്ചടിയാണ്.