ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയൽ മാഡ്രിഡിന് സാധ്യതയില്ലെന്ന് ക്ലബിന്റെ മുൻതാരവും പരിശീലകനും ആയിരുന്ന ജോർജ് വാൾഡാനോ. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ റയൽ മാഡ്രിഡിന് ഇൻറർ മിലാൻ, ഷക്തർ, ബൊറൂസിയ മൊൻചെംഗ്ലാബാഷ് എന്നിവരാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. മുവിസ്റ്റാർ സ്പോർടിനോടു സംസാരിക്കുമ്പോഴാണ് റയലിന്റെ സാധ്യതകളെ കുറിച്ച് വാൾഡാനോ സംസാരിച്ചത്.
“റയൽ മാഡ്രിഡിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ യാതൊരു സാധ്യതയുമില്ല. മാറ്റത്തിന്റെ ഒരു ഘട്ടത്തിലൂടെയാണ് റയൽ കടന്നു പോകുന്നത്. അതു പല കാര്യങ്ങളെ ആശ്രയിച്ചാണ് എന്നതിനാൽ റയലിന്റെ സാധ്യതകൾ കുറവാണ്.” വാൾഡാനോ പറഞ്ഞു. വമ്പൻ പോരാട്ടങ്ങളിൽ പരിചയ സമ്പത്തു കുറഞ്ഞ യുവതാരങ്ങളുടെ സാന്നിധ്യം ടീമിൽ കൂടുതലാണെന്നാണ് വാൾഡാനോ ചൂണ്ടിക്കാട്ടുന്നത്.
ചരിത്രപരമായ കരുത്ത് ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിക്ക് അനായാസേനെ ജയിക്കാൻ കഴിയുന്ന ഗ്രൂപ്പ് ഘട്ടമാണു ലഭിച്ചതെന്നും എന്നാൽ അതു കൊണ്ട് അവർ ഒരിക്കലും കിരീടം നേടുമെന്നു കരുതാൻ കഴിയില്ലെന്നും വാൾഡോനോ പറഞ്ഞു.