കഴിഞ്ഞ നാലു മത്സരങ്ങളിൽ ഒരു ജയം മാത്രമാണു നേടിയതെങ്കിലും ജർമൻ ക്ലബായ ബൊറൂസിയ മോൻചെഗ്ലാഡ്ബാഷിനെതിരായ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ പ്രകടനത്തിൽ തൃപ്തിയറിയിച്ച് പരിശീലകൻ സിദാൻ. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും രണ്ടു ഗോളിനു പിന്നിൽ നിന്ന റയൽ മാഡ്രിഡ് എൺപത്തിയാറാം മിനുട്ടിനു ശേഷമാണ് ബെൻസിമ, കസമീറോ എന്നിവരിലൂടെ രണ്ടു ഗോൾ തിരിച്ചടിച്ച് സമനില നേടിയത്.
“ടീമിന്റെ സ്വഭാവമാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. സമനിലയോ അതിൽ കൂടുതലോ ഞങ്ങൾ അർഹിച്ചിരുന്നു. ടീം പ്രതികരിച്ച രീതിയിൽ എനിക്കു സന്തോഷമുണ്ട്. മത്സരത്തിലുടനീളം ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ എന്തോ കുറവു ടീമിനുള്ളതു കൊണ്ടാണ് വിജയം നേടാൻ കഴിയാതിരുന്നത്.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സിദാൻ പറഞ്ഞു.
“എളുപ്പമുള്ള മത്സരങ്ങൾ ഇല്ലെന്നതു കൊണ്ടു തന്നെ ഈ കളിയിൽ ഒരുപാടു പോസിറ്റീവ് വശങ്ങൾ ഉണ്ടായിരുന്നു. ഇതുപോലെ കളിക്കാൻ കഴിഞ്ഞാൽ മികവു കാണിച്ച് ഞങ്ങൾക്ക് നോക്കൗട്ടിലെത്താൻ സാധിക്കും.” സിദാൻ വ്യക്തമാക്കി.
പരിക്കു മൂലം വളരെ നാളുകളായി പുറത്തിരിക്കുകയായിരുന്ന ഇഡൻ ഹസാർഡ് മത്സരത്തിൽ എഴുപതാം മിനുട്ടിനു ശേഷം കളത്തിലിറങ്ങിയത് റയലിന് ആശ്വാസ വാർത്തയാണ്. എന്നാൽ കഴിഞ്ഞ നാലു മത്സരങ്ങളിൽ രണ്ടു മത്സരങ്ങളും തോറ്റ റയൽ മാഡ്രിഡ് ഇനിയും മെച്ചപ്പെടാനുണ്ടെന്നതു വ്യക്തമാണ്.