പിഎസ്ജി സൂപ്പർതാരമായ കെയ്ലിയൻ എംബാപ്പയെ സ്വന്തമാക്കാൻ യുവന്റസും രംഗത്ത്. നേരത്തെ റയൽ മാഡ്രിഡും ലിവർപൂളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുണ്ടായിരുന്ന താരത്തിനായി യുവന്റസും രംഗത്തു വന്ന വിവരം ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്സാണു റിപ്പോർട്ടു ചെയ്തത്. ഇതിനു വേണ്ടി സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ യുവന്റസ് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എംബാപ്പയെ സ്വന്തമാക്കുന്നതിനു വേണ്ടി റൊണാൾഡോയെ പിഎസ്ജിക്കു നൽകാനാണ് യുവന്റസിന്റെ പദ്ധതി. റൊണാൾഡോയുടെ മൂല്യമടക്കം 360 മില്യൺ പൗണ്ടാണ് ട്രാൻസ്ഫറിനു വേണ്ടി യുവന്റസ് മുടക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതു സംഭവിച്ചാൽ ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ ട്രാൻസ്ഫറായി ഇതു മാറും.
റൊണാൾഡോയെ ഒഴിവാക്കാൻ യുവന്റസിനു താൽപര്യമില്ലെങ്കിലും എംബാപ്പെ കൂടി ടീമിലെത്തിയാൽ ക്ലബിന്റെ വേതന വ്യവസ്ഥകൾ താളം തെറ്റുമെന്നതാണ് പോർച്ചുഗൽ നായകനെ വിട്ടു കൊടുക്കാൻ യുവന്റസിനെ പ്രേരിപ്പിക്കുന്നത്. നിലവിൽ ആറു ലക്ഷം യൂറോ റൊണാൾഡോക്ക് ആഴ്ചയിൽ പ്രതിഫലമായുണ്ട്. ഇതിനു പുറമേ എംബാപ്പെയുടെ കനത്ത വേതനം കൂടി യുവന്റസിനു താങ്ങില്ല.
പിഎസ്ജി ഈ സമ്മറിൽ തന്നെ റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. താരത്തിലുള്ള ഫ്രഞ്ച് ക്ലബിന്റെ താൽപര്യം മുതലെടുത്ത് എംബാപ്പയെ ടീമിലെത്തിക്കാമെന്നാണ് യുവന്റസ് കണക്കു കൂട്ടുന്നത്. അങ്ങിനെയാണെങ്കിൽ റയൽ, ലിവർപൂൾ എന്നിവരുടെ ഭീഷണി ഒഴിവാക്കാമെന്നും ഇറ്റാലിയൻ ക്ലബ് കരുതുന്നു.