അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ റഫറി ഞങ്ങളെ തോൽപ്പിച്ചു, പോർച്ചുഗലിന്റെ തോൽവിക്കു പിന്നാലെ വിമർശനവുമായി പെപ്പെ |Qatar 2022

ഖത്തർ ലോകകപ്പിൽ വമ്പൻ ടീമുകളുടെ കൊഴിഞ്ഞു പോക്കിനാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ ബ്രസീലിനെ ക്രൊയേഷ്യ പുറത്താക്കിയതിനു പിന്നാലെ ഇന്നത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പന്മാരായ പോർചുഗലിനു പുറത്തേക്കുള്ള വഴി കാണിച്ച് മൊറോക്കോ വിജയം കുറിച്ചു. ആദ്യപകുതിയിൽ യൂസഫ് എൻ നെസിറി നേടിയ ഗോളിൽ മുന്നിലെത്തിയ മൊറോക്കോക്കു നേരെ പോർച്ചുഗൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടെങ്കിലും കൃത്യമായി പ്രതിരോധിച്ച് അവർ വിജയം നേടുകയായിരുന്നു.

അതേസമയം മത്സരത്തിൽ നിന്നും പുറത്തായതിനു പിന്നാലെ റഫറിക്കും മെസിക്കുമെതിരെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് പോർച്ചുഗൽ പ്രതിരോധതാരമായ പെപ്പെ. മത്സരം നിയന്ത്രിച്ചത് അർജന്റീനിയൻ റഫറിയാണെന്നും അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ പെപ്പെ അർജന്റീനക്ക് കിരീടം നൽകുകയാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. അർജന്റീനയുടെ കഴിഞ്ഞ മത്സരം നിയന്ത്രിച്ച മാത്യു ലാഹോസിനെതിരെ മെസി നടത്തിയ പരാമർശങ്ങൾ ഇതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പെപ്പെ പറഞ്ഞു.

“കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളും, മെസി പരാതി പറഞ്ഞതും പരിഗണിക്കുമ്പോൾ ഒരു അർജന്റീനിയൻ റഫറി ഇന്നത്തെ മത്സരം നിയന്ത്രിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇന്നു ഞാൻ കണ്ട കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ അർജന്റീനക്ക് കിരീടം ഇപ്പോൾ തന്നെ കൊടുക്കുകയാണ് നല്ലത്.” മത്സരത്തിനു ശേഷം പെപ്പെ പറഞ്ഞത് റെലെവോ വെളിപ്പെടുത്തി. അർജന്റീനക്കു വേണ്ടി പോർച്ചുഗലിനെ തോൽപ്പിക്കാൻ റഫറി കൂട്ടു നിന്നുവന്ന വാദം തന്നെയാണ് പെപ്പെ ഉയർത്തുന്നത്.

എന്നാൽ പോർച്ചുഗലിന് പ്രതികൂലമായി റഫറി തീരുമാനങ്ങൾ എടുത്തെന്ന് ഒരിക്കലും കരുതാൻ കഴിയില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ തുടർച്ചയായി മഞ്ഞക്കാർഡ് നൽകി ഒരു മൊറോക്കൻ താരത്തെ റഫറി പുറത്താക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്ന് അവസാനത്തെ അഞ്ചിലധികം മിനുട്ടുകൾ പത്തു പേരുമായാണ് മൊറോക്കോ കളിച്ചത്. എങ്കിലും മികച്ച രീതിയിൽ പ്രതിരോധിച്ച് അവർ വിജയം സ്വന്തമാക്കി.

Rate this post
FIFA world cupQatar2022