ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്ന നിരവധി താരങ്ങളുണ്ട്. ഇവരിൽ പലരും ക്ലബ് തലത്തിൽ തന്നെ നല്ല രീതിയിൽ കളിക്കുന്ന താരങ്ങളാണെങ്കിലും ലോകകപ്പോടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിൽ സെമി ഫൈനൽ വരെ മുന്നേറിയ അർജന്റീനയിലെ കളിക്കാരും ഉൾപ്പെടുന്നു. അർജന്റീന താരങ്ങളായ എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ എന്നിവരാണ് ഇതിലെ പ്രധാനികൾ.
ലോകകപ്പിലെ മികച്ച പ്രകടനം അർജന്റീന താരവും ലിവർപൂളും തമ്മിൽ കരാറിലെത്താൻ കാരണമായെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ലോകകപ്പിൽ അർജന്റീന മധ്യനിരയുടെ നട്ടെല്ലായി കളിക്കുന്ന ഇരുപത്തിയൊന്നുകാരനായ എൻസോ ഫെർണാണ്ടസാണ് ലിവര്പൂളിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. ലോകകപ്പിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരൻ ആയിരുന്നെങ്കിലും പിന്നീട് ടീമിലെ പ്രധാന താരമായി മാറാൻ എൻസോക്ക് കഴിഞ്ഞിരുന്നു.
ദി മിററാണ് ലിവർപൂൾ എൻസോക്ക് വേണ്ടി ശ്രമം നടത്തുന്ന വിവരം ആദ്യമായി പുറത്തു വിട്ടത്. എപ്പോൾ അർജന്റീന ഔട്ട്ലെറ്റായ ലാ ക്യാപ്പിറ്റൽ സ്പോർട്ടിനെ അടിസ്ഥാനമാക്കി പറയുന്നത് രണ്ടു കക്ഷികളും പ്രീ കോൺട്രാക്റ്റിൽ ഒപ്പിട്ടുവെന്നാണ്. എൻസോ ഫെർണാണ്ടസിന്റെ റിലീസിങ് തുക ലിവർപൂൾ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 120 മില്യൺ യൂറോയാണ് എൻസോയുടെ റിലീസിംഗ് ക്ലോസ്.
ഇക്കഴിഞ്ഞ സമ്മറിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീന ക്ലബായ റിവർപ്ലേറ്റിൽ നിന്നും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലെക്ക് ചേക്കേറുന്നത്. ലീഗിലും ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനം നടത്തുന്ന ബെൻഫിക്കയുടെ പ്രധാന താരമായി മാറാൻ എൻസോക്ക് കഴിഞ്ഞു. ഇതിന്റെ പിൻബലത്തിൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയ എൻസോ ലിയാൻഡ്രോ പരഡെസിന്റെ സ്ഥാനമാണ് ഇപ്പോൾ കൈക്കലാക്കിയിരിക്കുന്നത്.
🥈| Liverpool have a pre-agreement for Enzo Fernandez and have agreed to match any offer for the Benfica midfielder, who is leaning towards a move to Anfield. [@ojogo] pic.twitter.com/Tv8XS5l71X
— Anfield Edition (@AnfieldEdition) December 13, 2022
നേരത്തെ ബെല്ലിങ്ഹാമിനെയാണ് ലിവർപൂൾ നോട്ടമിട്ടതെങ്കിലും അതിൽ നിന്നും വ്യത്യസ്‌തമായി ഡീപ്പിലേക്ക് ഇറങ്ങി മികച്ച പാസുകളും ക്രിയേറ്റിവ് ആയ നീക്കങ്ങളും കൊണ്ടു കളിക്കുന്ന എൻസോയിൽ ലിവർപൂളിനെ ശ്രദ്ധ തിരിയുകയായിരുന്നു. റയൽ മാഡ്രിഡും എൻസോ ഫെര്ണാണ്ടസിനു വേണ്ടി രംഗത്തുണ്ടായിരുന്നു. ലിവർപൂൾ താരത്തെ സ്വന്തമാക്കിയാൽ റയൽ ബെല്ലിങ്ഹാമിനായി ശ്രമം നടത്തിയേക്കും.