ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആരംഭത്തിൽ തുടർച്ചയായ വിജയങ്ങളോടെ മുന്നേറിയ ടീമായിരുന്നു ചെൽസി. എന്നാൽ പിന്നീട് ആ ഫോം നിലനിർത്താൻ അവർക്കായില്ല.അവസാന ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മൂന്നു മത്സരം മാത്രമാണ് അവർക്ക് ജയിക്കാനായത്. പ്രീമിയർ ലീഗിൽ 17 മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയേക്കാൾ നാല് പോയിന്റും ലിവർപൂളിന് പിന്നിൽ മൂന്ന് പോയിന്റും പിന്നിലാണവർ.ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ മത്സരത്തിൽ എവർട്ടൺ എതിരെ 1 -1 സമനില വഴങ്ങിയ അവർ ഈ മാസമാദ്യം വെസ്റ്റ് ഹാം യുണൈറ്റഡിൽ നിന്നും 3 -2 ന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ബേൺലിക്കെതിരെയും അവർ പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ ചെൽസിയുടെ മികച്ച പ്രകടനങ്ങൾ അവരുടെ ഫലങ്ങളിൽ കാണുന്നില്ല എന്നഭിപ്രയാണ് പരിശീലകൻ ട്യുച്ചലിനുള്ളത്.
” ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത്, ചിലപ്പോൾ വളരെ മികച്ചതാവാറുണ്ട് പക്ഷെ ഞങ്ങൾക്ക് റിസൾട്ട് ലഭിക്കാറില്ല. ഞങ്ങൾ ആഗ്രഹിക്കാത്ത ഫലമാണിത് “തുച്ചൽ പറഞ്ഞു.ജനുവരിയിൽ ടുച്ചെൽ നിയമിച്ചതിന് ശേഷം യൂറോപ്പിലെ ഏറ്റവും പ്രതിരോധപരമായി ഉറച്ചുനിൽക്കുന്ന ടീമുകളിലൊന്നായിരുന്നു ചെൽസി .എന്നാൽ കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി ആ ദൃഢത കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. ചെൽസിയുടെ അവസാന ആറു മത്സരങ്ങളിൽ അവർക്ക് ക്ളീൻ ഷീറ്റ് നേടാനായില്ല.
റൊമേലു ലുക്കാക്കു, ടിമോ വെർണർ, കെയ് ഹാവെർട്സ്, എൻ ഗോലോ കാന്റെ തുടങ്ങിയവരുടെ അഭാവവും പ്രതിരോധത്തിലെ പോരായ്മകലും ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. ഞായറാഴ്ച ചെൽസി എട്ടാം സ്ഥാനത്തുള്ള വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടും.