വിരമിച്ച താരം തിരിച്ചെത്തും, ലോകകപ്പ് സ്ക്വാഡിൽ സർപ്രൈസുമായി ലൂയിസ് എൻറിക്വ |Qatar 2022

ഖത്തർ ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഓരോ ടീമുകളും അവരുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. അന്തിമ സ്ക്വാഡ് തീരുമാനിക്കാൻ സമയമായിട്ടില്ലെങ്കിലും കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക സ്ക്വാഡാണ് പരിശീലകർ തീരുമാനിക്കുന്നത്. ഇതിൽ നിന്നുമാണ് അന്തിമ സ്ക്വാഡിനെ അവസാനം തീരുമാനിക്കുക.

സ്പെയിൻ ടീമിന്റെ പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ആരാധകർക്ക് ഒരു വമ്പൻ സർപ്രൈസ് പരിശീലകൻ ലൂയിസ് എൻറിക്വ നൽകുമെന്നാണ് ഏറ്റവും പുതിയ വിവരം. ബാഴ്സലോണയുടെ മുപ്പത്തിയഞ്ചുകാരനായ വെറ്ററൻ താരമായ ജെറാർഡ് പിക്വ എൻറിക്വയുടെ അൻപത്തിയഞ്ചംഗ സ്ക്വാഡിൽ ഉണ്ടാകുമെന്ന് സ്പാനിഷ് മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തുന്നു.

2018 ലോകകപ്പിനു ശേഷം ദേശീയ ടീമിൽ നിന്നും വിരമിച്ച കളിക്കാരനാണ് ജെറാർഡ് പിക്വ. 2021ൽ നടന്ന യൂറോ കപ്പിനുള്ള സ്പെയിൻ ടീമിൽ താരം ഇടം പിടിക്കാനുള്ള സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അതിനു പിന്നാലെയാണ് ലോകകപ്പിനുള്ള സ്പെയിൻ ടീമിലും താരം ഉണ്ടാകുമെന്ന വാർത്തകൾ പുറത്തു വരുന്നത്.

ബാഴ്സലോണ ടീമിൽ പിക്വക്ക് അവസരങ്ങൾ കുറയുന്ന സമയത്താണ് ഈ വാർത്ത പുറത്തു വരുന്നതെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഈ സീസണിൽ ടീമിന്റെ ഫിഫ്ത്ത് ചോയ്സ് സെൻറർ ബാക്ക് മാത്രമാണ് പിക്വ. വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമേ മുപ്പത്തിയഞ്ചു വയസുള്ള താരം കളിക്കാനിറങ്ങിയിട്ടുമുള്ളൂ.

പരിക്കു മൂലം മാസങ്ങളായി ലൂയിസ് എൻറിക്വ പരിഗണിക്കാത്ത സെർജിയോ റാമോസും പ്രാഥമിക സ്ക്വാഡിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. താരവും അന്തിമ ലിസ്റ്റിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. നവംബർ 14നാണ് അവസാന സ്ക്വാഡ് പ്രഖ്യാപിക്കുക.

Rate this post
FIFA world cupQatar2022Spain