ഖത്തർ ലോകകപ്പിലെ ഏറ്റവും ചൂടു പിടിച്ച മത്സരമായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം. രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയ മത്സരത്തിൽ പിന്നീട് ഹോളണ്ട് രണ്ടു ഗോളുകൾ നേടി തിരിച്ചു വന്നെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടി. മത്സരത്തിനു ശേഷം വളരെ പ്രകോപനകരമായ രീതിയിൽ അർജന്റീന വിജയം ആഘോഷിച്ചത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
മത്സരത്തിന് മുൻപ് ഹോളണ്ട് പരിശീലകൻ ലൂയിസ് വാൻ ഗാൽ അർജന്റീനക്കും മെസിക്കുമെതിരെ നടത്തിയ പരാമർശങ്ങളാണ് പോരാട്ടം കൂടുതൽ ആവേശകരമാക്കി മാറ്റിയത്. മത്സരം വിജയിച്ചതിനു ശേഷം ലയണൽ മെസി ലൂയിസ് വാൻ ഗാലിനു മുന്നിൽ നിന്ന് യുവാൻ റോമൻ റിക്വൽമിയുടെ വിഖ്യാത സെലിബ്രെഷൻ നടത്തിയതും ചർച്ചകളിൽ നിറഞ്ഞു നിന്ന സംഭവമാണ്.
റിക്വൽമി ബാഴ്സലോണയിൽ കളിക്കുന്ന സമയത്ത് ലൂയിസ് വാൻ ഗാൽ ആയിരുന്നു പരിശീലകൻ. താരത്തിനെ ഒട്ടും താല്പര്യമില്ലാത്ത പൊസിഷനിൽ വാൻ ഗാൽ കളിപ്പിച്ചത് റിക്വൽമി ബാഴ്സലോണ വിട്ടു പോകുന്നതിലേക്കാണ് വഴിയൊരുക്കിയത്. റിക്വൽമിയുടെ കരിയറിലെ ഒരു കറുത്ത അധ്യായം നൽകിയ വാൻ ഗാലിനുള്ള മറുപടിയായിരുന്നു മെസിയുടെ ആഘോഷം. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് റിക്വൽമി തന്നെ പ്രതികരിക്കുകയുണ്ടായി.
“ലോകത്തിലെ ഏറ്റവും മികച്ച താരത്തെ നിങ്ങൾക്ക് ദേഷ്യം പിടിപ്പിക്കാൻ കഴിയില്ല. താരത്തെ പുണരുകയോ, ഉമ്മ വെക്കുകയോ ആണു ചെയ്യേണ്ടത്. നിങ്ങൾ അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചാൽ കാര്യങ്ങൾ മോശമായി മാറും. നിങ്ങൾ ഏറ്റവും മികച്ച താരത്തെ ദേഷ്യം പിടിപ്പിച്ചാൽ അവനെ തോൽപ്പിക്കുക അസാധ്യമായ കാര്യം തന്നെയാണ്. വാൻ ഗാൽ നടത്തിയ പ്രസ്താവനയാണ് ലോകകപ്പിൽ അർജന്റീനക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം.” റിക്വൽമി പറഞ്ഞു.
Riquelme on Messi's 🇳🇱celebration: "You can't make the best one angry. It's better to hug him, kiss him. If you make him angry, it's worse. If you make the best one angry, it's impossible to beat him. Van Gaal's statement the best thing to happen to Argentina." Via @la12tuittera. pic.twitter.com/ECkTVgiFVf
— Roy Nemer (@RoyNemer) January 26, 2023
അർജന്റീന ആരാധകരെ സംബന്ധിച്ച് ഏറ്റവും ആശങ്ക സമ്മാനിച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ. എൺപത്തിരണ്ടാം മിനുട്ട് വരെയും മുന്നിൽ നിന്നതിനു ശേഷമാണ് അർജന്റീന രണ്ടു ഗോളുകൾ വഴങ്ങിയത്. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട് എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ ഹീറോയായത്.