കഴിഞ്ഞ മാസമാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാനും യുവതാരം റിക്കി പുജും തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ പുറത്തേക്ക് വന്നത്. തന്റെ കീഴിൽ പുജിന് കളിക്കാൻ അവസരം ലഭിച്ചില്ലേക്കെന്നും താരത്തോട് ബാഴ്സ വിടാൻ കൂമാൻ കൽപ്പിച്ചു എന്നുമായിരുന്നു വാർത്തകൾ. മുണ്ടോ ഡിപോർട്ടിവോ അടക്കമുള്ളവർ ഇത് പുറത്തു വിട്ടിരുന്നു. എന്നാൽ പിന്നീട് റിക്കി പുജിന് ബാഴ്സയിൽ തന്നെ സ്ഥാനം ലഭിക്കുകയായിരുന്നു.
എന്നാൽ ഈ വിഷയത്തിലെ സത്യാവസ്ഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് റിക്കി പുജ്. തന്നിൽ കൂമാൻ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ അവസരം ലഭിക്കുമെന്നുമാണ് പുജ് വെളിപ്പെടുത്തിയത്. പുറത്തു വരുന്ന എല്ലാ വാർത്തകളും വിശ്വാസയോഗ്യമല്ലെന്നും പുജ് അറിയിച്ചു. നിലവിൽ സ്പെയിനിന്റെ അണ്ടർ 21 ടീമിനോടൊപ്പമാണ് പുജ്.
” തീർച്ചയായും എനിക്ക് ബാഴ്സയിൽ അവസരങ്ങൾ ലഭിക്കുക തന്നെ ചെയ്യും. ഈ വിശ്വാസം ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ തുടരുമായിരുന്നില്ല. എനിക്ക് ബാഴ്സയിൽ തന്നെ വിജയങ്ങൾ കൈവരിക്കണം. എന്റെ സ്ഥാനം നേടിയെടുക്കണം. എന്റെ മുന്നിലുള്ള വഴി ബാഴ്സയാണ്. ഞാൻ ഇവിടെ സന്തോഷവാനാണ്. എന്റെ കുടുംബവും ഇവിടെ സന്തോഷത്തിലാണ്. എനിക്കിവിടെ അവസരങ്ങൾ കിട്ടുക തന്നെ ചെയ്യും ” റിക്കി പുജ് പറഞ്ഞു.
” ചില സമയങ്ങളിൽ പുറത്തു വരുന്ന എല്ലാ വാർത്തകളും വിശ്വാസയോഗ്യമാവണം എന്നില്ല. കൂമാന് എന്നിൽ വിശ്വാസമുണ്ട്. അദ്ദേഹം എനിക്ക് അവസരങ്ങൾ നൽകുക തന്നെ ചെയ്യും. ഈ മഹത്തായ ക്ലബ്ബിന് വേണ്ടി കളിക്കാൻ കഴിയുമെന്ന് ഞാൻ തെളിയിക്കുക തന്നെ ചെയ്യും. കൂമാൻ എന്നോട് കാര്യങ്ങൾ എല്ലാം തന്നെ വിവരിച്ചിട്ടുണ്ട്. അദ്ദേഹം എന്നിൽ വിശ്വാസമർപ്പിക്കുകയും അവസരങ്ങൾ നൽകുകയും ചെയ്യും ” പുജ് അറിയിച്ചു.