ലെവന്റോസ്ക്കിയുടെ ഹാട്രിക്ക് വേട്ട, പിറന്നത് പുതിയ റെക്കോർഡുകൾ|

എഫ് സി ബാഴ്സലോണയിൽ എത്തിയിട്ടും റോബർട്ട് ലെവന്റോസ്ക്കിക്കും അദ്ദേഹത്തിന്റെ ഗോൾ വേട്ടക്കും ഇപ്പോഴും ഒരു മാറ്റവുമില്ല.ലാലിഗയിലാണെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിലാണെങ്കിലും ഗോളടിച്ചുകൂട്ടുന്ന തിരക്കിലാണ് നിലവിൽ ലെവന്റോസ്ക്കിയുള്ളത്. ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിക്ടോറിയക്കെതിരെ ഹാട്രിക് നേടി കൊണ്ടാണ് ബാഴ്സ ജേഴ്സിയിൽ തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ലെവന്റോസ്ക്കി നടത്തിയിട്ടുള്ളത്.

മത്സരത്തിന്റെ 34ആം മിനിട്ടിലാണ് ലെവയുടെ ആദ്യ ഗോൾ പിറക്കുന്നത്.സെർജി റോബെർട്ടോയുടെ പാസ് സ്വീകരിച്ച താരം ഒരു മികച്ച ഷോട്ടിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് ലെവ വീണ്ടും ഗോൾ നേടി.ഡെമ്പലെയുടെ ക്രോസ് ഒരു ഹെഡ്ഡറിലൂടെയാണ് ലെവന്റോസ്ക്കി ഗോളാക്കി മാറ്റിയത്.67ആം മിനിട്ടിലാണ് ലെവന്റോസ്ക്കി ഹാട്രിക്ക് തികച്ചത്.ടോറസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ലെവയുടെ ഹാട്രിക്ക് ഗോൾ പിറന്നത്.

ഇതോടുകൂടി യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു പുതിയ റെക്കോർഡ് ലെവന്റോസ്ക്കി സ്വന്തമാക്കിയിട്ടുണ്ട്. അതായത് മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ആദ്യത്തെ താരമെന്ന റെക്കോർഡാണ് ലെവന്റോസ്ക്കി ഇപ്പോൾ സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നത്.ബൊറൂസിയ ഡോർട്മുണ്ട്,ബയേൺ മ്യൂണിക്ക്,എഫ്സി ബാഴ്സലോണ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ചാമ്പ്യൻസ് ലീഗിൽ ലെവന്റോസ്ക്കി ഹാട്രിക് നേടിയിട്ടുള്ളത്.

ഈയൊരു ഹാട്രിക്ക് നേട്ടത്തോടുകൂടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമായി മാറാൻ ലെവന്റോസ്ക്കിക്ക് സാധിച്ചിട്ടുണ്ട്.89 ഗോളുകളാണ് ഇതുവരെ ലെവന്റോസ്ക്കി നേടിയിട്ടുള്ളത്.86 ഗോളുകൾ നേടിയ ബെൻസിമയെയാണ് ഇപ്പോൾ ലെവന്റോസ്ക്കി മറികടന്നിട്ടുള്ളത്. 140 ഗോളുകൾ നേടിയ റൊണാൾഡോ,125 ഗോളുകൾ ഉള്ള മെസ്സി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.

ഈ സീസണിൽ തകർപ്പൻ ഫോം ഇപ്പോൾ താരം തുടർന്ന് കൊണ്ടിരിക്കുകയാണ്. അവസാനത്തെ നാല് മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് ലെവ നേടിയിട്ടുള്ളത്.റയൽ സോസിഡാഡ്,റയൽ വല്ലഡോലിഡ് എന്നിവർക്കെതിരെ 2 ഗോളുകൾ വീതം നേടിയ ലെവ സെവിയ്യക്കെതിരെ ഒരു ഗോളും വിക്ടോറിയക്കെതിരെ ഹാട്രിക്കുമാണ് ലെവ നേടിയിട്ടുള്ളത്. ഏതായാലും താരത്തിന്റെ ഈ മിന്നും ഫോം ബാഴ്സ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

Rate this post
Fc BarcelonaLewendowski