ഹെല്ലാസ് വെറോണക്കെതിരായ റോമയുടെ ആദ്യമത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും ആ മത്സരം മൂന്നു ഗോളിനു റോമ തോറ്റതായി സീരി എ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ക്വാഡ് അംഗങ്ങളെ ചേർക്കുന്നതിൽ റോമക്ക് പറ്റിയ പിഴവാണ് ഇത്തരത്തിലൊരു ശിക്ഷ സീരി എ അധികൃതർ നൽകിയത്. എന്നാൽ ഇതിനെതിരെ അപ്പീലിന് പോവാനാണ് റോമയുടെ തീരുമാനം.
സീസണിൽ കളിക്കുന്ന സ്ക്വാഡ് നൽകിയതിൽ വന്ന പിഴവാണ് ശിക്ഷക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജൂലൈയിൽ 23 വയസു തികഞ്ഞ ഗിനിയൻ മധ്യനിരതാരം അമാഡു ഡിയാവാരയെ അണ്ടർ 22 സ്ക്വാഡിൽ ചേർത്തതാണ് പ്രശ്നമായത്. അണ്ടർ 22 താരങ്ങളെ 25 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്താനാവില്ല. അതിനാൽ എക്സ്ട്രാ ഒരു താരത്തെക്കൂടി റോമക്ക് ചേർക്കേണ്ടി വരും.
സ്ക്വാഡിൽ ഇല്ലാത്ത ഒരു താരത്തെ കളിപ്പിച്ചതിനാണ് റോമയുടെ മത്സരഫലം മൂന്നു ഗോളിനു തോറ്റതായി ശിക്ഷിച്ചത്. ഡിയാവാര 90 മിനുട്ടും ആ മത്സരം കളിച്ചിരുന്നു. 2016ൽ സുസ്ലോക്കും ഇത്തരത്തിൽ 25 അംഗ സ്ക്വാഡിൽ ഉൾപ്പെടാത്ത താരത്തിനെ കളിപ്പിച്ചതിനു ഇതേ താരത്തിലുള്ള ശിക്ഷാ ലഭിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അപ്പീൽ പോവാനാണ് റോമയുടെ നീക്കം.
സ്കൈ ഇറ്റാലിയയുടെ റിപ്പോർട്ടുകൾ പ്രകാരം റോമ ലിസ്റ്റു നൽകിയപ്പോൾ റെഗുലേഷൻ സിസ്റ്റം താരത്തിന്റെ വയസിലുള്ള പ്രശ്നം ചൂണ്ടിക്കാണിച്ചില്ലെന്നാണ് റോമയുടെ പരാതി. സിസ്റ്റം അങ്ങനെ ഒരു സിഗ്നലും തന്നില്ലെന്നാണ് റോമ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ ലീഗ് സിസ്റ്റം മെസ്സേജ് അയച്ചോ ഇല്ലയോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ശിക്ഷയുടെ കാര്യത്തിൽ ഇളവുകളുണ്ടാവുകയുള്ളു. എന്തായാലും റോമ അപ്പീൽ കൊടുക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.