എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ഉടൻ തന്നെ ചുമതലയേൽക്കാനൊരുങ്ങി നിൽക്കുകയാണ് റൊണാൾഡ് കൂമാൻ. അദ്ദേഹം തന്നെയാണ് പരിശീലകൻ എന്ന് ഇന്നലെ നടന്ന അഭിമുഖത്തിൽ ബാഴ്സ പ്രസിഡന്റ് ബർതോമ്യു അറിയിച്ചിരുന്നു. ഇന്നലെ തന്നെ അദ്ദേഹം ബാഴ്സലോണ നഗരത്തിൽ എത്തുകയും ക്ലബിനോടൊപ്പം ചേരുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിവ് ഇന്ന് തന്നെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും.
അതേസമയം ബാഴ്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ തന്നെയാണ് കൂമാൻ ആലോചിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. പ്രമുഖഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് കൂമാൻ ബാഴ്സയിൽ നിന്നും ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. ബാഴ്സ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ആറു താരങ്ങളെയാണ് കൂമാൻ ഒഴിവാക്കുക എന്നാണ് അറിയാൻ കഴിയുന്നത്. ബാഴ്സയുടെ സെക്കന്റ് ക്യാപ്റ്റൻ ആയ സെർജിയോ ബുസ്ക്കെറ്റ്സ്, തേർഡ് ക്യാപ്റ്റൻ ജോർഡി ആൽബ, സൂപ്പർ താരം ലൂയിസ് സുവാരസ്, ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റി, ആർതുറോ വിദാൽ, ഇവാൻ റാക്കിറ്റിച്ച് എന്നീ താരങ്ങളെയാണ് കൂമാൻ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് വ്യക്തമായ കാരണവുമുണ്ട്.
നിലവിൽ ബാഴ്സ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട് എന്നുള്ളത് പരസ്യമായ കാര്യമാണ്. അതിനാൽ തന്നെ ക്ലബിന്റെ വെയ്ജ് ബിൽ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ ഒഴിവാക്കാൻ ആലോചിക്കുന്നത്. നിലവിൽ ബാഴ്സയിൽ ഏറ്റവും കൂടുതൽ വേതനം പറ്റുന്ന കളിക്കാരാണ് ലൂയിസ് സുവാരസ്, ജോർഡി ആൽബ, ഇവാൻ റാക്കിറ്റിച്ച് എന്നിവർ. അത്കൊണ്ട് തന്നെ ഇവരെ വിൽക്കാനാവും ബാഴ്സ പ്രഥമപരിഗണന നൽകുക എന്നും വാർത്തകൾ ഉണ്ട്. ഏതായാലും അദ്ദേഹം സ്ഥാനമേറ്റതിന് ശേഷം ഈ വാർത്തകൾക്ക് കൂടുതൽ വ്യക്തത കൈവരും. എന്നാൽ ഡിജോംഗ്, ഗ്രീസ്മാൻ എന്നീ താരങ്ങളെ കൂമാൻ കൈവിടില്ല. ഇരുവർക്കും നിലവിലുള്ളതിനേക്കാൾ എത്രയോ മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. കൂടാതെ ഫിലിപ്പെ കൂട്ടീഞ്ഞോ ബാഴ്സയിൽ തന്നെ നിലനിർത്താനും താല്പര്യമുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.