തങ്ങളുടെ നിലവിലെ പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കിയതായി എഫ്സി ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പകരം വരുന്ന പരിശീലകനെ ഈ ആഴ്ച്ച തന്നെ പ്രഖ്യാപിക്കും എന്നാണ് ബാഴ്സ അറിയിച്ചിട്ടുള്ളത്. എന്നാൽ പുതിയ പരിശീലകൻ ആരാണ് എന്നുള്ളത് ഏകദേശം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. മുൻ ബാഴ്‌സ താരവും നിലവിലെ ഹോളണ്ട് പരിശീലകനുമായ റൊണാൾഡ് കോമാൻ ആണ്.
ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ ആണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. അദ്ദേഹം ഡച്ച് ഫുട്ബോൾ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ബാഴ്സ കോച്ചായി ചുമതലയേൽക്കുകയും ബാഴ്സ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. നല്ലൊരു അവസ്ഥയിലേക്ക് അല്ല കോമാന്റെ വരവ്. 8-2 ന് തോറ്റ ഒരു ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോമാനിൽ അർപ്പിതമായിരിക്കുന്നത്.
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സയിലെത്തിക്കേണ്ട ആദ്യതാരത്തെ കോമാൻ നോട്ടമിട്ട് കഴിഞ്ഞു. അയാക്സിന്റെ ഡച്ച് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് ആണ് ഈ താരം. നിലവിൽ ഹോളണ്ട് ടീമിൽ ബീക്കിനെ കോമാൻ പരിശീലിപ്പിച്ചിരുന്നു. ഫ്രഞ്ച് മാധ്യമമായ ലെ10 സ്പോർട്ട് കോമാന്റെ ആദ്യലക്ഷ്യത്തെ പുറത്ത് വിട്ടത്. 23-കാരനായ താരം ഈ ട്രാൻസ്ഫറിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.
ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ വാൻ ഡി ബീക്ക് നേടിയിട്ടുണ്ട്. അയാക്സിന്റെ ഫസ്റ്റ് ടീമിന് വേണ്ടി ആകെ 175 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ താരം നേടിയിട്ടുണ്ട്. താരത്തെ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിട്ടുണ്ട്. ഏതായാലും അഴിച്ചു പണി ആവിശ്യമായ ബാഴ്സയിൽ കൂടുതൽ പുതിയ താരങ്ങൾ വരുമെന്നുറപ്പാണ്.