ബാഴ്സയുടെ പുതിയ പരിശീലകനായ റൊണാൾഡ് കൂമാൻ ക്ലബിൽ കാര്യമായ മാറ്റങ്ങൾക്ക് ഒരുങ്ങി നിൽക്കുകയാണ്. സെറ്റിയന്റെ പകരക്കാരനായി ചുമതലയേറ്റ അദ്ദേഹം ഉടനെ തന്നെ മെസ്സിയെ പോയി കണ്ടിരുന്നു. എന്നാൽ തൃപ്തികരമായ വാർത്തയല്ല മെസ്സിയുടെ പക്കലിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. എന്നിരുന്നാലും പുതിയ താരങ്ങളെ ക്ലബിൽ എത്തിച്ച് ക്ലബ്ബിനെ പൂർവ്വസ്ഥിതിയിലാക്കാനുള്ള ഒരുക്കങ്ങൾ തന്നെയാണ് കൂമാൻ അണിയറയിൽ നടത്തുന്നത്. പ്രധാനമായും ഡച്ച് താരങ്ങളെയാണ് അദ്ദേഹം നോട്ടമിടുന്നത്. ഡോണി വാൻ ഡി ബീക്ക്, വിനാൾഡം, മെംഫിസ് ഡിപേ എന്നീ മൂന്ന് താരങ്ങളെയാണ് പ്രാഥമികമായി ബാഴ്സ നോട്ടമിട്ടിരിക്കുന്നത് എന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ തന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ബാഴ്സ താരത്തെ നിയമിക്കാനും കൂമാൻ സമയം കണ്ടെത്തി. ബാഴ്സക്ക് വേണ്ടി രണ്ട് വർഷക്കാലം ജേഴ്സി അണിഞ്ഞ സ്വീഡിഷ് താരം ഹെൻറിക്ക് ലാർസനെയാണ് അസിസ്റ്റന്റ് പരിശീലകനായി കൂമാൻ തിരഞ്ഞെടുത്തത്. മാർക്ക അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചു. കൂമാനൊപ്പം രണ്ട് വർഷവും അദ്ദേഹവും ഉണ്ടാവും. 2022 ജൂൺ ജൂൺ മുപ്പത് വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.
2004 മുതൽ 2006 വരെ ബാഴ്സയിൽ കളിച്ച താരമാണ് ലാർസൺ. സ്ട്രൈക്കെർ ആയ ഇദ്ദേഹം 59 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ ബാഴ്സക്ക് വേണ്ടി നേടിയിട്ടുണ്ട്. 2006-ലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ബാഴ്‌സ ടീമിൽ ഇദ്ദേഹത്തിന് തന്റേതായ പങ്കുണ്ടായിരുന്നു. ഇതിന് മുൻപ് തന്നെ കൂമാനും ഇദ്ദേഹവും ഒരുമിച്ച് കളിച്ചിട്ടുണ്ട്. 1995 മുതൽ 1997 വരെ ഫെയേനൂർദിൽ ഇരുവരും ഒരുമിച്ചായിരുന്നു. 69 മത്സരങ്ങളിൽ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ബാഴ്‌സയെ സഹായിക്കാൻ കഴിയുമെന്നാണ് കൂമാന്റെ വിശ്വാസം. കൂടാതെ തന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് ഒരാളെ കൂടി കൂമാൻ നിയോഗിച്ചു. ആൽഫ്രഡ് ഷ്രൂഡർ ആണ് പുതുതായി വന്ന ആൾ. കഴിഞ്ഞ സീസണിൽ ഹോഫൻഹെയിമിന്റെ പരിശീലകൻ ആയിരുന്നു ഇദ്ദേഹം. മുമ്പ് അയാക്സിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇദ്ദേഹവും ഇനി ബാഴ്സയിൽ ഉണ്ടാവും.