കഴിഞ്ഞ മൂന്നു വർഷത്തിലും മെസി സ്വന്തമാക്കിയ യൂറോപ്പിലെ ലീഗുകളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരം ഇത്തവണ റൊണാൾഡോക്കു സ്വന്തമാക്കാൻ സുവർണാവസരം. ബയേൺ മ്യൂണിക്ക് താരമായ ലെവൻഡോവ്സ്കിയാണ് നിലവിൽ ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനു വേണ്ടി മുന്നിലെങ്കിലും സീരി എയിൽ ഇനിയും നിരവധി മത്സരങ്ങൾ ബാക്കിയുള്ളത് റൊണാൾഡോക്കു നേട്ടമാണ്.
യുവന്റസിനു വേണ്ടി രണ്ടാമത്തെ സീസണിലും തകർപ്പൻ പ്രകടനം തുടരുന്ന റൊണാൾഡോ നിലവിൽ ഇരുപത്തിയെട്ടു ഗോളുകളാണ് ലീഗിൽ നേടിയിരിക്കുന്നത്. ബയേൺ സ്ട്രൈക്കർ ലെവൻഡോവ്സ്കി മുപ്പത്തിനാലു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും സീരി എയിൽ ആറു മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതു കൊണ്ട് നിലവിലെ ഫോം വെച്ച് റൊണാൾഡോക്ക് താരത്തെ മറികടക്കാൻ കഴിയും. ജർമൻ ലീഗ് മത്സരങ്ങൾ നേരത്തെ അവസാനിച്ചു കഴിഞ്ഞതാണ്.
സീസൺ പുനരാരംഭിച്ചതിനു ശേഷം ആദ്യം നടന്ന കോപ ഇറ്റാലിയ മത്സരങ്ങളിൽ മികവു കാണിക്കാൻ കഴിയാതിരുന്ന റൊണാൾഡോക്കു നേരെ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് തന്റെ ഗോളടിമികവ് താരം വീണ്ടെടുത്തു. അതിനു ശേഷം ഏഴു തവണ ലക്ഷ്യം കണ്ട പോർച്ചുഗൽ നായകന്റെ നാലു ഗോളുകൾ പെനാൽട്ടിയിലൂടെ ആയിരുന്നു.
ഇത്തവണ ഗോൾഡൻ ഷൂ നേടിയാൽ കരിയറിൽ അഞ്ചാം തവണയാണ് ഈ പുരസ്കാരം റൊണാൾഡോ സ്വന്തമാക്കുക. ആറു തവണ മെസി ഈ പുരസ്കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു തവണയും ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ എത്താൻ പോലും റൊണാൾഡോക്കു കഴിഞ്ഞിട്ടില്ലായിരുന്നു. 29 ഗോളുകൾ നേടിയ ലാസിയോ താരം ഇമ്മൊബൈലിന്റെ ഭീഷണി ഇത്തവണ റൊണാൾഡോക്കുണ്ട്.