കൊവിഡ് ബാധിതനായ റൊണാൾഡോയെ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നില്ലെന്നും എത്രയും പെട്ടെന്നു കളിക്കളത്തിൽ തിരിച്ചെത്താനാണ് താരം ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. യുവേഫ നാഷൻസ് ലീഗിൽ സ്വീഡനെതിരായ മത്സരത്തിനു മുൻപു നടത്തിയ പരിശോധനയിലാണ് റൊണാൾഡോക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഐസൊലേഷനിലായ താരത്തിന് നാലോളം മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
റൊണാൾഡോയുടെ അഭാവം പോർച്ചുഗലിനു തിരിച്ചടിയാകുമെങ്കിലും അതിനെ ടീം മറികടക്കുമെന്ന പ്രതീക്ഷയും സാന്റോസ് പ്രകടിപ്പിച്ചു. “റൊണാൾഡോ ആരോഗ്യവാനാണ്. തനിക്കു കളിക്കാൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. കൊവിഡ് മൂലം ഏതു താരത്തെ നഷ്ടമായാലും അതു ടീമിനു തിരിച്ചടിയാണ്. അതു റൊണാൾഡോ ആകുമ്പോൾ കൂടുതൽ തിരിച്ചടിയാണ്.”
“ടീമിന്റെ പദ്ധതികളിൽ മാറ്റമൊന്നുമില്ല. എന്നാൽ റൊണാൾഡോ ടീമിലുള്ളതിൽ നിന്നും വ്യത്യസ്തമായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച താരമില്ലെങ്കിൽ ഒരു ടീമും മികച്ചതാവില്ല. എന്നാൽ ഒറ്റക്കെട്ടായി പൊരുതാൻ പോർച്ചുഗലിനു കഴിയുമെന്നു നേരത്തെ തെളിയിച്ചതിനാൽ എന്റെ കളിക്കാരിൽ ആത്മവിശ്വാസമുണ്ട്.” സാന്റോസ് പറഞ്ഞു.
യുവേഫ നാഷൻസ് ലീഗ് ഗ്രൂപ്പിൽ പോർച്ചുഗൽ ഫ്രാൻസിനു മുന്നിൽ നിൽക്കുന്നത് ഗോൾ വ്യത്യാസത്തിന്റെ മാത്രം പിൻബലത്തിലായതിനാൽ അടുത്ത മത്സരം ഏറെ പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ മത്സരത്തിൽ സ്വീഡനെ തോൽപിച്ചപ്പോൾ രണ്ടു ഗോളുകൾ റൊണാൾഡോയാണു നേടിയിരുന്നത്.