ഇറ്റാലിയൻ ലീഗിൽ റൊണാൾഡോ അൻപതു ഗോളുകൾ നേടിയത് ഏറെ പ്രാധാന്യം നേടിയ വാർത്തയായിരുന്നു. സീരി എയിൽ ഏറ്റവും വേഗത്തിൽ അൻപതു ഗോളുകൾ നേടിയ താരം റൊണാൾഡോയാണെന്നു പറഞ്ഞ് ലോകത്തിലെ എല്ലാ മാധ്യമങ്ങളും അത് ആഘോഷിക്കുകയും ചെയ്തു. എന്നാൽ ആ വാർത്തകളെല്ലാം തെറ്റാണെന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉയരുന്ന ചർച്ചകൾ വ്യക്തമാക്കുന്നത്.
രണ്ടു സീസണുകളിലായി അറുപത്തിയൊന്നു ലീഗ് മത്സരങ്ങളിൽ നിന്നും അൻപത്തിയൊന്നു ഗോളുകൾ നേടിയാണ് റൊണാൾഡോ ഏറ്റവും വേഗത്തിൽ അൻപതു ഗോൾ നേടിയ താരമായതെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കിയത്. എന്നാൽ കണക്കുകൾ നോക്കുകയാണെങ്കിൽ ഇതു തെറ്റാണെന്ന് വ്യക്തമാകും. 1949 മുതൽ എസി മിലാനിൽ കളിച്ച എസി മിലാൻ താരം ഗുണ്ണർ നോർദാലാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
കണക്കുകൾ പ്രകാരം സ്വീഡിഷ് താരമായ ഗുണ്ണാർ 1948-49 സീസണിൽ എസി മിലാനു വേണ്ടി 15 മത്സരങ്ങളിൽ നിന്നും പതിനാറും, അതിനുത്ത സീസണിൽ 37 മത്സരങ്ങളിൽ നിന്നും മുപ്പത്തിയഞ്ചും ഗോളുകൾ നേടിയിട്ടുണ്ട്. അതായത് റൊണാൾഡോയേക്കാൾ പത്തു മത്സരം കുറച്ചു കളിച്ചാണ് അൻപതു ഗോളെന്ന നേട്ടം ഗുണ്ണാർ സ്വന്തമാക്കിയിരിക്കുന്നത്.
ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ആഗോളതലത്തിൽ തന്നെയുള്ള സ്പോർട്സ് അജണ്ടയുടെ ഭാഗമായാണ് പരിചിതരല്ലാത്ത താരങ്ങളെ തഴഞ്ഞ് നിലവിലെ സൂപ്പർതാരങ്ങൾക്ക് ഇത്തരം അവാർഡ് നേട്ടങ്ങൾ ചാർത്തിക്കൊടുക്കുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.