ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് യുവന്റസിനെ രക്ഷിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. മത്സരത്തിൽ രണ്ടു തവണ യുവന്റസ് പിറകിൽ പോയപ്പോഴും യുവന്റസിന് സമനില നേടികൊടുത്തത് സൂപ്പർ താരത്തിന്റെ ഗോളുകളായിരുന്നു. മത്സരത്തിൽ റോമയാണ് യുവന്റസിനെ സമനിലയിൽ തളച്ചത്. 2-2 എന്ന സ്കോറിനാണ് യുവന്റസിന് ഇന്നലെ സമനില പിണയേണ്ടി വന്നത്.
ആദ്യ മത്സരത്തിൽ വിജയിച്ചു തുടങ്ങിയ യുവന്റസിന് ഇന്നലെ അതാവർത്തിക്കാനായില്ല. മത്സരത്തിൽ 31-ആം മിനുട്ടിൽ ജോർദാൻ റോമക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു. എന്നാൽ 44-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ തിരിച്ചടിച്ചു. എന്നാൽ വീണ്ടും ജോർദാൻ യുവന്റസിനെ പ്രഹരമേൽപ്പിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് ജോർദാൻ വീണ്ടും റോമക്ക് ലീഡ് നേടികൊടുത്തത്. എന്നാൽ 69-ആം മിനുട്ടിൽ വീണ്ടും റൊണാൾഡോ രക്ഷകനാവുകയായിരുന്നു. ഡാനിലോയുടെ ക്രോസിൽ നിന്ന് ഒരു ഉഗ്രൻ ഹെഡറിലൂടെയാണ് താരം സമനില ഗോൾ കണ്ടെത്തിയത്.
ഇന്നലത്തെ ഇരട്ടഗോളുകൾ റൊണാൾഡോക്ക് മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലേക്ക് ചേർത്തികൊടുത്തിരിക്കുകയാണ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 450 ഗോളുകൾ പൂർത്തീകരിക്കാൻ റൊണാൾഡോക്ക് ഇന്നലത്തെ ഇരട്ടഗോൾ നേട്ടത്തോടെ കഴിഞ്ഞു. ലാലിഗ, പ്രീമിയർ ലീഗ്, സിരി എ മൂന്നു ലീഗുകളിലും കൂടിയാണ് റൊണാൾഡോ 450 ഗോളുകൾ പൂർത്തിയാക്കിയത്. 84 ഗോളുകൾ ആണ് താരം മാഞ്ചസ്റ്റർ യൂണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ താരം അടിച്ചു കൂട്ടിയത്. 196 മത്സരങ്ങളിൽ നിന്നായിരുന്നു ഇത്. പിന്നീട് താരം റയൽ മാഡ്രിഡിലും ഗോളടി വേട്ട തുടർന്നു. ലാലിഗയിൽ റയൽ മാഡ്രിഡിന് വേണ്ടി 292 മത്സരങ്ങളിൽ നിന്ന് 311 ഗോളുകൾ താരം നേടി.
അതിന് ശേഷം താരം സിരി എയിൽ എത്തി. യുവന്റസിന് വേണ്ടി സിരി എയിൽ 66 മത്സരങ്ങൾ ആണ് കളിച്ചത്. ഈ മത്സരങ്ങളിൽ നിന്നായി റൊണാൾഡോ 55 ഗോളുകളും നേടിക്കഴിഞ്ഞു. ചുരുക്കത്തിൽ ഓരോ ഗോളുകൾ നേടുമ്പോഴും റൊണാൾഡോ ഓരോ റെക്കോർഡുകൾ സ്ഥാപിക്കപ്പെടുന്നു എന്ന സ്ഥിതിയിലേക്ക് എത്തുകയാണ് കാര്യങ്ങൾ. ലീഗിലെ ആദ്യ മത്സരത്തിലും സൂപ്പർ താരം ഗോൾ നേടിയിരുന്നു.