യുവന്റസ് സൂപ്പർതാരവും പോർച്ചുഗൽ നായകനുമായ റൊണാൾഡോയുടെ ട്രാൻസ്ഫർ സംബന്ധിച്ച അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്ത് ശക്തമാകുന്നത്. താരത്തിന്റെ വേതനവ്യവസ്ഥകൾ കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ താങ്ങാൻ കഴിയാത്തതിനാൽ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ യുവന്റസ് ഒഴിവാക്കുമെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്തത്.
എന്നാൽ യുവന്റസ് റൊണാൾഡോയെ വിൽക്കുന്ന കാര്യം പരിഗണിക്കുന്നതിനൊപ്പം ഇറ്റാലിയൻ ക്ലബ് വിടാൻ താരത്തിനും താൽപര്യമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടുന്നതു പ്രധാന ലക്ഷ്യമായി കരുതുന്ന റൊണാൾഡോ ഈ സീസണിൽ ഇറ്റാലിയൻ ക്ലബിനു മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ലബ് വിടുമെന്നാണ് ടുട്ടോസ്പോർട് പറയുന്നത്.
“റൊണാൾഡോ പ്രതീക്ഷിച്ച റിസൾട്ടുകൾ ഈ സീസണിന്റെ അവസാനം ഉണ്ടായില്ലെങ്കിൽ താരം യുവന്റസ് വിടും. പിഎസ്ജിയാണ് റൊണാൾഡോയുടെ അടുത്ത ലക്ഷ്യമായി കണക്കാക്കപ്പെടുന്നത്.” മിലാൻ കേന്ദ്രീകരിച്ചുള്ള മാധ്യമം റിപ്പോർട്ടു ചെയ്തു.
പുതിയ പരിശീലകൻ പിർലോക്കു കീഴിൽ യുവന്റസ് ഇതുവരെയും അവരുടെ പൂർണമായ ഫോം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെട്ട യുവന്റസ് ഇത്തവണയും അതാവർത്തിച്ചാൽ റൊണാൾഡോ ക്ലബ് വിടുമെന്നു തന്നെയാണു കരുതേണ്ടത്.