അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെ നേരിടുമ്പോൾ റൊണാൾഡോ കളിക്കാനിറങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബാഴ്സലോണ നായകൻ ലയണൽ മെസി. കൊവിഡ് ബാധിതനായ റൊണാൾഡോക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ താരം പൊസിറ്റീവ് ആയതിനെ തുടർന്ന് ബാഴ്സലോണക്കെതിരെ കളിക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളെ പറ്റി പ്രതികരിക്കുകയായിരുന്നു ലയണൽ മെസി.
“റൊണാൾഡോ കളിച്ചിരുന്ന സമയത്ത് റയൽ മാഡ്രിഡുമായുള്ള മത്സരങ്ങൾ സ്പെഷ്യൽ ആയിരുന്നു. അവരുമായുള്ള എല്ലാ മത്സരങ്ങളും അങ്ങിനെയാണ്. എന്നാൽ ക്രിസ്ത്യാനോ കളിക്കളത്തിലുള്ളപ്പോൾ അതിനു കൂടുതൽ പ്രാധാന്യമുണ്ട്.” ഡിഎസെഡ്എന്നിനോട് മെസി പറഞ്ഞു. റൊണാൾഡോ മാഡ്രിഡിലുണ്ടായിരുന്ന സമയത്തെ മത്സരത്തെ കുറിച്ച് മെസിയുടെ മറുപടി ഇങ്ങിനെയായിരുന്നു:
“അതു കഴിഞ്ഞ കാര്യമാണ്. ഇപ്പോഴത്തെ കാര്യങ്ങളാണു ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ വലിയൊരു വെല്ലുവിളി നേരിടാനിരിക്കെ കൊവിഡിൽ നിന്നും മുക്തനായി റൊണാൾഡോ അവിടെയുണ്ടാകണം എന്നു ഞാൻ പ്രതീക്ഷിക്കുന്നു. റൊണാൾഡോയുമായുള്ള പോരാട്ടം എക്കാലത്തും നിലനിൽക്കുന്ന ഓർമയാണ്.” മെസി പറഞ്ഞു.
ശനിയാഴ്ച ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡിനെ നേരിടുന്ന ബാഴ്സലോണ അതിനു ശേഷമാണ് യുവന്റസിനെതിരെ മത്സരിക്കേണ്ടത്. അഞ്ചു ദിവസത്തെ ഇടവേളയിൽ രണ്ടു വമ്പൻ പോരാട്ടങ്ങൾ നടക്കുന്നത് ബാഴ്സയെ ഫോമിലേക്കു തിരിച്ചെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.