ക്രിസ്ത്യാനോ റൊണാൾഡോയെ വിൽക്കാനുള്ള റയൽ മാഡ്രിഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് യുക്രൈൻ ക്ലബായ ഷക്തർ ഡൊണടെസ്കിന്റെ പരിശീലകൻ ലൂയിസ് കാസ്ട്രോ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങി നിൽക്കെയാണ് റൊണാൾഡോയെ പ്രശംസിച്ച ഷക്തർ പരിശീലകൻ താരത്തെ റയൽ മാഡ്രിഡ് ഒരിക്കലും നഷ്ടപ്പെടുത്തരുതായിരുന്നു എന്ന അഭിപ്രായം പ്രകടിപ്പിച്ചത്.
“റൊണാൾഡോ സ്വന്തം ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ ഒരിക്കലും വിട്ടു കളയരുത്. നമ്മൾ സംസാരിക്കുന്നതു തന്നെ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ്. ആത്മാർപ്പണം നടത്തുന്ന മെഷീനാണ് റൊണാൾഡോ.” സ്പാനിഷ് മാധ്യമം മാർക്കയോട് കാസ്ട്രോ പറഞ്ഞു.
റൊണാൾഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും അദ്ദേഹം വ്യക്തമാക്കി. “താരതമ്യങ്ങളിൽ എനിക്കു താൽപര്യമില്ല. പക്ഷേ, ഏറ്റവും മികച്ച താരമാണദ്ദേഹം. റൊണാൾഡോയുടെ കഥ വ്യത്യസ്തമാണ്. പതിനൊന്നാം വയസിൽ ഫുട്ബോൾ താരമാകാൻ വീടുവിട്ട് ലിസ്ബണിൽ പോയതാണ് അദ്ദേഹം. ഒറ്റക്ക്, ആത്മവിശ്വാസത്തോടെ വളർന്നു വന്നയാളാണ് അദ്ദേഹം.” കാസ്ട്രോ വ്യക്തമാക്കി.
റൊണാൾഡോയെ ആളുകൾ വിലമതിക്കാത്തതിനെ കുറിച്ചു സംസാരിച്ച കാസ്ട്രോ താരത്തെ കുറിച്ച് ഒരു സിനിമ നിർമിക്കേണ്ടത് അത്യാവശ്യമാണെന്നും എങ്കിൽ മാത്രമേ പോർച്ചുഗീസ് നായകൻ എവിടെ നിന്നും ഇവിടെയെത്തിയെന്നു മനസിലാക്കാൻ കഴിയൂവെന്നും ആളുകൾക്ക് താരത്തെക്കുറിച്ച് കൂടുതൽ ബഹുമാനം വരൂവെന്നും വ്യക്തമാക്കി.