ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് റൊണാൾഡോയും മെസിയും തമ്മിൽ ഗ്രൂപ്പിൽ നടക്കാനിരിക്കുന്ന പോരാട്ടം. ജി ഗ്രൂപ്പിൽ ബാഴ്സയും യുവന്റസും ഒരു ഗ്രൂപ്പിൽ വന്നതോടെയാണ് ഇരുവരും തമ്മിലുള്ള പോരാട്ടത്തിന് അവസരമൊരുങ്ങിയത്. ഇരു ടീമുകൾക്കുമൊപ്പം ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു ടീമായ ഡൈനാമോ കീവിന്റെ പരിശീലകനായ ലുസെസ്കു ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളെ നേരിടുന്നതിനെ കുറിച്ച് സംസാരിച്ചു.
മെസി ഒറ്റക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യുമ്പോൾ റൊണാൾഡോക്ക് സഹതാരങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നാണ് ലുസെസ്കു ഫുട്ബോൾ ഇറ്റാലിയയോടു സംസാരിക്കുമ്പോൾ വ്യക്തമാക്കിയത്. “ഇരുവരെയും ഞാൻ മുൻപും നേരിട്ടുണ്ട്. എന്നാൽ എന്റെ കളിക്കാർക്ക് അതു പുതിയ അനുഭവമായതു കൊണ്ട് അതിനെ പറ്റി അവർക്കു വിശദീകരിച്ചു നൽകേണ്ടത് അത്യാവശ്യമാണ്.”
“ഉയരം കുറഞ്ഞ താരമാണെങ്കിലും ആക്സിലറേഷൻ, ആത്മവിശ്വാസം, ഡ്രിബ്ലിങ്ങ് മികവ് എന്നിവ കൊണ്ട് ടൈറ്റ് സ്പേസുകളിൽ അവിശ്വസനീയ മികവാണ് മെസി കാഴ്ച വെക്കുക. അതേ സമയം കൂടുതൽ സ്പേസുകൾ ഉപയോഗപ്പെടുത്തി ഗോളുകൾ നേടാൻ ശ്രമിക്കുന്ന വ്യത്യസ്ത ശൈലിയാണ് റൊണാൾഡോയുടേത്. അദ്ദേഹത്തിന് എല്ലാവരുടെയും സഹായം ആവശ്യമാണ്.”
“മെസിക്ക് ഒറ്റക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയും. അതേ സമയം പെനാൽട്ടി ബോക്സിലോ അതിന്റെ ഇരുപതു മീറ്റർ പരിധിയിലോ മാത്രമേ റൊണാൾഡോക്ക് അത്തരം പ്രകടനം കാഴ്ച വെക്കാൻ കഴിയൂ. മറ്റു താരങ്ങൾ ഉണ്ടാക്കിയെടുക്കുന്ന സ്പേസ് ഉപയോഗപ്പെടുത്തിയാണ് റൊണാൾഡോ ഗോളടിക്കുന്നത്. പക്ഷേ, ഇരുവരും കരുത്തരായ താരങ്ങളാണ്.” ലുസെസ്കു വ്യക്തമാക്കി.